ജൂബിലി ആഘോഷങ്ങൾക്കു മുന്നോടിയായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതായി, വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിൽ വത്തിക്കാൻ അറിയിച്ചു. 400 വർഷങ്ങൾക്കുമുമ്പ് ജിയാൻ ലോറെൻസോ ബെർനിനി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയുടെ മുകളിലായി നിർമ്മിച്ച മേലാപ്പിനാണ് പ്രധാനമായും നവീകരണം നടത്തുന്നത്.

സഭയുടെ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമിടുന്ന ഡിസംബറിനു മുമ്പായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് പദ്ധതി. നവീകരണപ്രവർത്തനങ്ങൾക്കായി ഏകദേശം ഒരു വർഷത്തോളം പ്രധാന അൾത്താര കെട്ടിമറയ്ക്കേണ്ടതായിവരുമെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലും ബസിലിക്കയിലെ ശുശ്രൂഷകൾക്ക് തടസ്സം വരികയില്ലെന്നും ബസലിക്കയുടെ ആർച്ച് പ്രീസ്റ്റായ കർദിനാൾ മൗറോ ഗംബേറ്റി അറിയിച്ചു.

വത്തിക്കാൻ മ്യൂസിയത്തിലെ ആർട്ടിസ്റ്റുകളുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണം നടത്തുന്നത്. 7,00,000 യൂറോ ചിലവ് പ്രതീക്ഷിക്കുന്ന നവീകരണപ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നത് നൈറ്റ്സ് ഓഫ് കൊളംബസ് ആണ്. കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ തങ്ങൾ സ്പോൺസർ ചെയ്യുന്ന ഏറ്റവും വലിയ നവീകരണ പ്രവർത്തനമാണ് ഇതെന്ന് നൈറ്റ്സ് ഓഫ് കൊളംബസിന്റെ തലവൻ പാട്രിക് കെല്ലി പത്രസമ്മേളനത്തിൽ പറഞ്ഞു.

പത്രോസിന്റെ കല്ലറയ്ക്കുമുകളിൽ സ്ഥാപിച്ചിരിക്കുന്ന വിശ്വാസത്തിന്റെ പ്രധാന അൾത്താരയ്ക്കു മുകളിലായി ഒരു മേലാപ്പ് സ്ഥാപിക്കാൻ 1624-ൽ ഉർബൻ എട്ടാമൻ മാർപാപ്പയാണ് ജിയാൻ ലോറെൻസോ ബെർനിനിയെ ചുമതലപ്പെടുത്തിയത്. വളഞ്ഞ കോണുകളോടുകൂടിയ ചിത്രപ്പണികൾ ചെയ്ത വെങ്കലതൂണുകളുടെ മുകളിൽ ഉറപ്പിച്ചിരിക്കുന്ന മേലാപ്പിന് 92 അടി ഉയരമുണ്ട്. ഗിൽഡഡ് ബറോക് മാലാഖമാർ, കെരൂബുകൾ, തേനീച്ചകൾ, ലോറൽ ശാഖകൾ എന്നിവയാൽ അലങ്കരിച്ച ഈ മേലാപ്പ് ഫ്രാൻസെസ്കോ ബോറോമിനിയുടെ സഹായത്തോടെ നിർമ്മിക്കാൻ ബെർനിനി ഒമ്പതു വർഷമെടുത്തിരുന്നു. 1633-ലാണ് ഈ വെങ്കല മേലാപ്പ് പൊതുദർശനത്തിനായി തുറന്നത്.