ഡിസംബർ 29-ന്, ഉക്രൈനിലെ സാധാരണക്കാരായ പൊതുജനങ്ങൾക്കും സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കുംനേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തെ ‘നിന്ദ്യവും അംഗീകരിക്കാനാവാത്തതുമായ’ ആക്രമണങ്ങൾ എന്നു വിശേഷിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഗ്രീക്ക് കത്തോലിക്കാ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിന് അയച്ച കത്തിലാണ് പാപ്പാ റഷ്യൻ ആക്രമണത്തിനെതിരെ സംസാരിച്ചത്.

ദുരിതമനുഭവിക്കുന്ന ഉക്രേനിയക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച പാപ്പാ, അപകടത്തിൽ മരിച്ചവരെപ്രതി ദുഃഖിക്കുകയും പരിക്കേറ്റവർക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായി അറിയിച്ചു. വർധിച്ചുവരുന്ന അന്താരാഷ്ട്രപ്രതിസന്ധിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കത്തിൽ, പാപ്പാ, ഉക്രൈൻ ഒരു ‘വിസ്മരിക്കപ്പെട്ട’ യുദ്ധമായി മാറുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഘർഷത്തെ നിശ്ശബ്ദതകൊണ്ടു മൂടുന്നത് തടയാനുള്ള കടമ പാപ്പാ എടുത്തുപറഞ്ഞു. കൂടാതെ, സമാധാനപരമായ പരിഹാരങ്ങൾ തേടാൻ അന്താരാഷ്ട്രസമൂഹത്തോട് ആവശ്യപ്പെടുകയുംചെയ്തു.

നിരാശാജനകമായ സാഹചര്യങ്ങൾക്കിടയിൽ പ്രത്യാശ നൽകുന്നതിൽ അജപാലകരുടെ വെല്ലുവിളി നിറഞ്ഞ പങ്കിനെപ്പറ്റി പാപ്പാ ഊന്നിപ്പറഞ്ഞു. “വീണ്ടും ഒരിക്കൽക്കൂടി, രക്തസാക്ഷിയായ ഉക്രൈനോട് എന്റെ സാമീപ്യം പ്രകടിപ്പിക്കാനും മരിച്ചവരെപ്രതി വിലപിക്കാനും അവരെ ദൈവത്തിന്റെ കാരുണ്യത്തിൽ ഭരമേല്പിക്കാനും മുറിവേറ്റവരെ ആശ്വസിപ്പിക്കാനും ഏതെങ്കിലും വിധത്തിൽ കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു” – പാപ്പാ കത്തിൽ രേഖപ്പെടുത്തി. കൂടുതൽ നിരാശാജനകമായി കാണപ്പെടുന്ന ഒരു സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രത്യാശ പകരാൻ പരിശ്രമിക്കുന്ന അജപാലകർക്ക് തന്റെ സാമീപ്യം പാപ്പാ അറിയിക്കുകയുംചെയ്തു.