ഫ്രാൻസിസ് മാർപാപ്പയുമായി വൈകാരിക കൂടിക്കാഴ്ച നടത്തി ലോകശ്രദ്ധ ആകർഷിച്ച ഇറ്റാലിയൻ സ്വദേശി വിനിസിയോ റിവ അന്തരിച്ചു.

2013-ൽ ആണ് വിനിസിയോ റിവയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള ആർദ്രമായ കൂടിക്കാഴ്ച നടന്നത്. അപൂർവമായ രോഗം ബാധിച്ച വിനിസിയോയുടെ മുഖം വളരെ വിരൂപമായി കാണപ്പെട്ടിരുന്നു എങ്കിലും പാപ്പാ അദ്ദേഹത്തെ ചേർത്തു പിടിക്കുകയായിരുന്നു.

15 വയസ്സുള്ളപ്പോൾ മുതൽ ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന അസുഖം ബാധിച്ച വ്യക്തിയായിരുന്നു വിനിസിയോ റിവ. ദീർഘനാൾ അദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു. ജനുവരി 10-ന് തന്റെ അൻപത്തിയെട്ടാം വയസ്സിൽ ഇറ്റലിയിലെ വിസെൻസയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തീർത്ഥാടകരെ അഭിവാദ്യം ചെയ്യുന്നതിനിടെ ആയിരുന്നു പാപ്പ റിവയെ ആലിംഗനം ചെയ്തത്. റിവയുടെ തലയിൽ ചുംബിച്ച പാപ്പ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. പാപ്പായുടെ സാമിപ്യവും അനുഗ്രഹവും തന്റെ തുടർന്നുള്ള ജീവിതത്തെ മാറ്റിമറിച്ചതായി പിന്നീട് റിവ വെളിപ്പെടുത്തിയിരുന്നു.