ഒടിയനുശേഷം (Odiyan) വി എ ശ്രീകുമാറും (VA Shrikumar) മോഹൻലാലും (Mohanlal) വീണ്ടും ഒന്നിയ്ക്കുന്നു. ആറ് വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം കൈകോർക്കാൻ ഒരുങ്ങുകയാണെന്ന് ശ്രീകുമാർ തന്നെയാണ് സോഷ്യൽ മീഡിയിയലൂടെ അറിയിച്ചത്. പോസ്റ്റിൽ മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

‘ലാലേട്ടനൊപ്പം എന്റെ അടുത്ത ചിത്രം,’ എന്നാണ് ശ്രീകുമാർ കുറിച്ചത്. എന്നാൽ പ്രൊജക്റ്റിന്റെ കൂടുതൽ വിവരങ്ങളൊന്നും വ്യക്തമല്ല. അതേസമയം ഇത് സിനിമയല്ല, പരസസ്യ ചി്ത്രമാണെന്നും റിപ്പോർട്ടുകളുണ്ട്. മോഹൻലാൽ  ബ്രാൻഡ് അംബാസിഡർ ആവുന്ന ഒരു കമ്പനിയുടെ പരസ്യചിത്രത്തിനുവേണ്ടിയാണ് ഷൂട്ടെന്നാണ് വിവരം.

ഒടിയൻ എന്ന ചിത്രം സംവിധാനം ചെയ്തായിരുന്നു ശ്രീകുമാർ മലയാളം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം എന്ന രീതിയിൽ വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ഇത്. മഞ്ജുവാര്യരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. പീറ്റർ ഹെയ്ൻ സംഘട്ടനവും സാം സി.എസ്. പശ്ചാത്തല സംഗീതവുമൊരുക്കി. 

2018ലാണ് മോഹൻലാലും ശ്രീകുമാറും ഒന്നിച്ച ഒടിയൻ പുറത്തിറങ്ങിയത്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്. 14 ഡിസംബർ 2018-ൽ റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തു.

റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ   നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹരികൃഷ്ണൻ ആയിരുന്നു. ഇടക്കാലത്ത്, ‘രണ്ടാമൂഴം’ സിനിമയാക്കാൻ  ശ്രീകുമാർ പദ്ധയിട്ടിരുന്നുവെങ്കിലും നിയമപ്രശ്‌നങ്ങൾ കാരണം ആ പ്രൊജകറ്റ് നിന്നുപോവുകയായിരുന്നു. 

‘രണ്ടാമൂഴം’ സിനിമയാക്കാൻ എം ടി വാസുദേവൻ നായരും ശ്രീകുമാറും കരാറിൽ ഒപ്പു വെച്ചത് 2014ൽ ആയിരുന്നു. മൂന്നു വർഷത്തിനുള്ളിൽ സിനിമ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ, കരാറിലെ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമായില്ല. ഒടുവിൽ രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് ശ്രീകുമാറിനെ തടയണമെന്നാണ് എം.ടി.വാസുദേവൻ നായർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.