തെലു​ഗു താരം പ്രഭാസിനെ (Prabhas) നായകനാക്കി നാഗ് അശ്വിൻ (Nag Ashwin)സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’യുടെ (kalki 2898 AD) റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. വാരണാസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം, കാശ്മീർ, വിജയവാഡ എന്നിവയുൾപ്പെടെ പാൻ ഇന്ത്യയിലെ വിവിധ ന​ഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴിയാണ് നിർമ്മാതാക്കൾ ചിത്രത്തിന്റെ ​റിലീസ് ഡേറ്റ് പ്രഖ്യാപനം ​നടത്തിയത്. മെയ് 9 മുതൽ ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ (Amitabh Bachchan), കമൽഹാസൻ (Kamal Haasan), പ്രഭാസ് (Prabhas), ദീപിക പദുക്കോൺ (Deepika Patukone), ദിഷാ പടാനി (Disha Patani) തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

“വൈജയന്തി മൂവീസിന്റെ 50 വർഷം പിന്നിടുമ്പോൾ ഞങ്ങളുടെ ഈ സിനിമ യാത്രയിൽ മെയ് 9ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ‘ജഗദേക വീരുഡു അതിലോക സുന്ദരി’ മുതൽ പുരസ്‌കാരങ്ങൾ നേടിയ ‘മഹാനടി’, ‘മഹർഷി’ എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോൾ അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർ അഭിനയിക്കുന്ന ‘കൽക്കി 2898 എഡി’ റിലീസ് ചെയ്യുന്നതും ഇതേ തിയ്യതിയിലാണ്. ഈ നിമിഷത്തിൽ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വർഷവുമായ് ഒത്തുചേർന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോൾ അത് കൂടുതൽ അർത്ഥവത്തായതാക്കുന്നു.” ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയിൽ വൈജയന്തി മൂവീസ് സ്ഥാപകയും നിർമ്മാതാവുമായ സി. അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ വർഷത്തെ സാൻ ഡീഗോ കോമിക്-കോണിൽ നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ അംഗീകാരം നേടിയ ചിത്രമാണ് ‘കൽക്കി 2898 എഡി’. ചിത്രത്തിന്റെ റിലീസിനായ് വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. പിആർഒ: ആതിരാ ദിൽജിത്ത്.