പ്രസിദ്ധ ഗസൽ ഗായകൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു. 55 വയസ്സായിരുന്നു. അർബുധ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തേ സ്ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിത്തുടങ്ങിയിരുന്നു. അർബുധ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതോടെ ദിവസങ്ങൾക്ക് മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു.

മാതൃസഹോദരൻ ഉസ്താദ് നിസ്സാർ ഹുസ്സൈൻ ഖാനിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ ഉസ്താദ് റാഷിദ് ഖാൻ പഠിച്ചത്. ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ ബന്ധുവുമായിരുന്നു റാഷിദ് ഖാൻ. ഗുലാം മുസ്തഫാ ഖാൻ ആണ് റാഷിദ് ഖാന്റെ സംഗീതത്തിലുള്ള അഭിരുചി തിരിച്ചറിഞ്ഞത്.

11ാം വയസ്സിൽ തന്റെ ആദ്യ സംഗീത പരിപാടി നടത്തി ഉസ്താദ് റാഷിദ് ഖാൻ ശ്രദ്ധേയനായി. 1978, 1980, എന്നീ വർഷങ്ങളിലും അദ്ദേഹം സംഗീത പരിപാടികൾ അവതരിപ്പിച്ചു. 14ാം വയസ്സിൽ കൽക്കത്തയിലെ ഐടിസി സംഗീത് അകാദമിയുടെ ഭാഗമായി. കർണാടിക്, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതങ്ങളെ സമന്വയിപ്പിച്ച് അദ്ദേഹം സംഗീത പരിപാടികൾ അവതരിപ്പിച്ചു. പാശ്ചാത്യ വാദ്യോപകരണ കലാകാരനായ ലൂയിസ് ബാങ്ക്സിനൊപ്പം അദ്ദേഹം സംഗീതകച്ചേരി അവതരിപ്പിച്ചു. ജുഗൽബന്ദികളിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ മാന്ത്രിക സംഗീതം ലോകം മുഴുവൻ പ്രചരിപ്പിച്ചു.