ന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മാലിദ്വീപ് നേതാക്കൾ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങൾക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നു. ഏറ്റവുമൊടുവിലായി ഓൺലൈൻ ട്രാവൽ കമ്പനിയായ ഈസിമൈട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാ ഫ്ലൈറ്റ് ബുക്കിംഗുകളും താൽക്കാലികമായി നിർത്തിവച്ചു  

ഈസിമൈട്രിപ്പ് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ  നിശാന്ത് പിട്ടി, മാലിദ്വീപിലേക്കുള്ള ഫ്ലൈറ്റ് ബുക്കിംഗ്  താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പുറമേ ലക്ഷദ്വീപ് സന്ദർശിക്കാനുള്ള ഓൺലൈൻ കാമ്പെയ്‌നും കമ്പനി  ആരംഭിച്ചിട്ടുണ്ട്. ദില്ലിയിലാണ് ഈസിമൈട്രിപ്പിന്റെ ആസ്ഥാനം. നിഷാന്ത് പിട്ടി, റികാന്ത് പിട്ടി, പ്രശാന്ത് പിട്ടി എന്നിവർ ചേർന്ന് 2008ൽ ആണ് ഈ കമ്പനി സ്ഥാപിച്ചത്.  ലക്ഷദ്വീപ്  സന്ദർശനം പ്രോത്സാഹിപ്പിക്കുന്നതിനായി  പ്രത്യേക ഓഫറുകൾ കൊണ്ടുവരുമെന്നും ഈസി മൈട്രിപ്പ് വ്യക്തമാക്കി. മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചാണ് നില നിൽക്കുന്നത്. മാലിദ്വീപിന്റെ ജിഡിപിയുടെ ഏകദേശം 25% ടൂറിസത്തിൽ നിന്നാണ്. മാലിദ്വീപ് അടുത്തിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 നവംബറിൽ മാത്രം 18,905 ഇന്ത്യൻ വിനോദസഞ്ചാരികൾ രാജ്യത്ത് എത്തി

2019ൽ 1.66 ലക്ഷം പേരാണ് ഇന്ത്യയിൽ നിന്നും മാലിദ്വീപിലേക്കെത്തിയത്. 2020-ൽ  കോവിഡ്  ബാധിച്ചപ്പോൾ പോലും, മാലിദ്വീപിൽ ഏകദേശം 63,000 ഇന്ത്യൻ സന്ദർശകർ  എത്തി. 2023 ജനുവരി മുതൽ നവംബർ വരെ, മാലിദ്വീപ് സന്ദർശിക്കുന്നവരിൽ ഏറ്റവും കൂടുതൽ പേർ റഷ്യയിൽ നിന്നാണ് .ആകെ 1,91,167 (11.4% ) പേരാണ് ഈ കാലയളവിൽ മാലിദ്വീപിലെത്തിയ റഷ്യക്കാർ.  1,83,371  (10.9% ) ഇന്ത്യക്കാരും ദ്വീപിലെത്തി. ചൈനീസ് വിനോദ സഞ്ചാരികളാണ് മൂന്നാം സ്ഥാനത്ത്. 1,75,592 പേർ.യുകെയിൽ നിന്ന് 1,38,721 പേരും, ജർമ്മനിയിൽ നിന്ന് 122,704 പേരും മാലിദ്വീപിലെത്തി.