വിനോദസഞ്ചാര മേഖലയിൽ പഴയ പ്രതാപം തിരിച്ചുപിടിക്കാനായി കഠിന പരിശ്രമത്തിലാണ് തായ്ലൻഡ്. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിനോദസഞ്ചാര മേഖലയിൽ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളിൽ പലതും വലിയ വാർത്തകളായിരുന്നു. ഇപ്പോഴിതാ മദ്യത്തിന്റെയും നിശാക്ലബ്ബുകളുടെയും നികുതി വെട്ടിക്കുറച്ചിരിക്കയാണ് തായ്ലൻഡ് ഭരണകൂടം.

വൈനുകളുടെ നികുതി 10 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. മറ്റ് മദ്യ നികുതികളും വലിയ രീതിയിൽ കുറച്ചിട്ടുണ്ട്. നിശാക്ലബ്ബുകൾക്ക് ചുമത്തിയിരുന്ന എക്സൈസ് നികുതി പകുതിയായും കുറച്ചു. പത്ത് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്കാണ് കുറച്ചത്. ഈ വർഷം തന്നെ ഈ പുതിയ നികുതികൾ പ്രാബല്യത്തിൽ വരും. 

നേരത്തെ നിശാക്ലബ്ബുകളുടെയും കരോക്കേ ബാറുകളുടെയും പ്രവർത്തന സമയം നീട്ടി നൽകിയിരുന്നു. ഇത് പ്രകാരം ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ചിയാങ് മായ്, സാമുയി എന്നിവിടങ്ങളിലെ നിശാക്ലബ്ബുകളും ബാറുകളും പുലർച്ചെ നാലുമണി വരെ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോൾ മദ്യത്തിന്റെ നികുതി കുറയ്ക്കുകയും ചെയ്തിരിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കാനായി വിസ നിയമങ്ങളിലും വൻ ഇളവുകളാണ് തായ്ലൻഡ് പ്രഖ്യാപിച്ചത്. ഇന്ത്യ, തായ്വാൻ മുതലായ രാജ്യങ്ങൾക്ക് താൽക്കാലികമായും ചൈനയ്ക്ക് സ്ഥിരമായുമാണ് തായ്ലൻഡ് വിസരഹിത പ്രവേശനം പ്രഖ്യാപിച്ചത്.