റിയാദ്: എണ്ണ ഉല്‍പ്പാദനം വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി പ്രധാന എണ്ണ ഉല്‍പ്പാദന രാജ്യമായ സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദനം പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ (ബിപിഡി) കുറയ്ക്കാനാണ് സൗദി അറേബ്യയുടെ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് സഖ്യത്തിന്റെ സുപ്രധാന യോഗത്തിന് മുന്നോടിയായാണ് സൗദിയുടെ പ്രഖ്യാപനം.

​എണ്ണ വില ഉയര്‍ത്തുക ലക്ഷ്യം​

​എണ്ണ വില ഉയര്‍ത്തുക ലക്ഷ്യം​

ഒപെക് പ്ലസ് അംഗ രാജ്യങ്ങള്‍ നേരത്തെ നടത്തിയ രണ്ട് ഉല്‍പാദന വെട്ടിക്കുറക്കലുകള്‍ ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് സൗദി അറേബ്യ അറിയിച്ചു. ജൂലൈ മാസം മുതല്‍ തന്നെ എണ്ണ ഉപ്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടങ്ങുമെന്ന് രാജ്യം ഞായറാഴ്ച അറിയിച്ചു. അതിനിടെ, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെയും റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെയും കൂട്ടായ്മയായ ഒപെക് പ്ലസ് വിയന്നയിലെ ആസ്ഥാനത്ത് ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം എണ്ണ ഉല്‍പ്പാദന നയത്തില്‍ ഒരു കരാറിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2024 അവസാനത്തോടെ എണ്ണ ഉല്‍പ്പാദനവും വിതരണവും കൂടുതല്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറയ്ക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്.

​തീരുമാനം ന്യായമെന്ന് സൗദി​

​തീരുമാനം ന്യായമെന്ന് സൗദി​

സൗദിയെ സംബന്ധിച്ചിടത്തോളം ഇത് തങ്ങള്‍ക്ക് ഒരു മഹത്തായ ദിവസമാണെന്ന് ഒപെക് തീരുമാനത്തെ കുറിച്ച് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു, പുതിയ ഉല്‍പാദന ലക്ഷ്യങ്ങള്‍ കൂടുതല്‍ സുതാര്യവും കൂടുതല്‍ ന്യായവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിദിനം 10 ലക്ഷം ബാരല്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വേണ്ടിവന്നാല്‍ ജൂലൈ മാസത്തിന് ശേഷവും തുടരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ, നൈജീരിയ, അംഗോള എന്നീ രാജ്യങ്ങളോടും എണ്ണ ഉല്‍പ്പാദനം അവര്‍ക്ക് അനുവദിച്ച നിലയിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇതിനു വിപരീതമായി, ഉല്‍പ്പാദനം ഉയര്‍ത്താന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് ഒപെക് പ്ലസ് യോഗം അനുമതി നല്‍കി.

​ഉല്‍പ്പാദനം കുറയ്ക്കുന്നത് ഈ വര്‍ഷം രണ്ടാം തവണ​

​ഉല്‍പ്പാദനം കുറയ്ക്കുന്നത് ഈ വര്‍ഷം രണ്ടാം തവണ​



ലോകത്തിലെ ക്രൂഡ് ഓയിലിന്റെ 40 ശതമാനവും പമ്പ് ചെയ്യുന്നത് ഒപെക് പ്ലസ് രാജ്യങ്ങളായതിനാല്‍ അതിന്റെ നയ തീരുമാനങ്ങള്‍ എണ്ണ വിലയില്‍ വലിയ സ്വാധീനം ചെലുത്തുക പതിവാണ്. കഴിഞ്ഞ വര്‍ഷം അംഗീകരിച്ച പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഇതിനകം തന്നെ നിലവിലുണ്ട്. ഇത് ആഗോള എണ്ണ ഡിമാന്‍ഡിന്റെ രണ്ട് ശതമാനമായിരുന്നു. ഇതിനു പുറമെ, 2023 അവസാനം വരെ പ്രതിദിനം 1.6 ദശലക്ഷം ബാരല്‍ തോതില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ ഒപെക് പ്ലസ് രാജ്യങങള്‍ തീരുമാനം കൈക്കൊണ്ടിരുന്നു. കഴിഞ്ഞ മെയ് മാസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള ഈ തീരുമാനം കമ്പോളത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല.