കാലിത്തൊഴുത്തിനു മറയായി സ്ഥാപിച്ചിരുന്ന  ടിൻഷീറ്റ് അനങ്ങുന്ന ശബ്ദം കേട്ടാണു പെരുനാട് ബഥനിമല മാമ്പ്രേത്ത് ജോസ് ഞെട്ടി ഉണർന്നത്. അപ്പോഴേക്കും തൊഴിൽ നിന്നു പശുക്കളുടെയും ആടിന്റെയും നിലവിളി കേട്ടു. ഭാര്യ മോളി, മകൻ ജോമോൻ എന്നിവരും ചേർന്നു  വെളിച്ചവുമായി  മുറ്റത്തിറങ്ങിയപ്പോൾ അവർ കണ്ടത് നടുക്കുന്ന കാഴ്ച.

പെരുനാട് ബഥനി പുതുവൽ മാമ്പ്രേത്ത് ജോസിന്റെ വീട്ടിലെ ആടിനെ കടുവ പിടിച്ചത് അറിഞ്ഞ് പ്രമോദ് നാരായൺ എംഎൽഎ എത്തി വനപാലകരുടെ സാന്നിധ്യത്തിൽ വീട്ടുകാരുമായി ചർച്ച നടത്തുന്നു. 

തൊഴുത്തിന്റെ ഭാഗത്തെ മുറ്റത്തുകൂടി കടുവ ആടിനെ വലിച്ചു കൊണ്ടുപോകുന്നു. അവർ ഭയന്നു വിറച്ചു പോയി. എങ്കിലും ബഹളം വച്ചു. അപ്പോഴേക്കും കടുവ വേഗത്തിൽ ആടിനെ വലിച്ചിഴച്ച്  താഴേക്ക് മറഞ്ഞു. ഇത് ഓർക്കുമ്പോൾ ജോസിന്റെ ശരീരം തളരുകയാണ്. കാലുകൾക്ക് ബലം ഇല്ലെന്ന തോന്നൽ. ഇത്രയും നാൾ  തീറ്റയ്ക്കായി അഴിച്ചവിട്ടപ്പോഴാണു പശുവിനെ കടുവ പിടിച്ചതെങ്കിൽ  ഇപ്പോൾ വീട്ടിൽ എത്തി. തൊഴുത്തിൽ നിന്നു പിടിച്ചു. തൊഴുത്തിൽ നിൽക്കുന്ന പശുവിനെയും ആടിനേയും കണ്ടതിനാൽ കടുവ വീണ്ടും വരുമെന്ന ഭീതിയിലാണ് കുടുംബം 

ജോസിന്  4 പശുവും 15 ആടും ഉണ്ടായിരുന്നു. ആടുകൾ കൂടുതൽ ആയതിനാൽ  പശുവിനൊപ്പവും  പ്രത്യേക കൂട്ടിലുമാണ് വളർത്തുന്നത്. പശുവിന്റെ തൊഴുത്തിൽ നിന്ന ആടിനെയാണ് വലിച്ചിഴച്ചു കൊണ്ടുപോയത്..

മലയോരം ആശങ്കയിൽ 

വീണ്ടും കടുവ എത്തി വളർത്തു മൃഗത്തെ പിടിച്ചതോടെ  ആശങ്കയിലാണ്  പെരുനാട് പഞ്ചായത്തിന്റെ  മലയോര മേഖല.ബഥനിമല, പുതുവൽ, കോളാമല, പെരുനാട് എൻജിനീയറിങ് കോളജ് ഭാഗം എന്നിവിടങ്ങളിലാണ് കടുവ ഇറങ്ങി പശു, ആട് എന്നിവയെ പിടിച്ചത്. അതിനാൽ പകൽ പോലും വീടുകൾക്കു പുറത്തിറങ്ങാൻ ജനങ്ങൾക്കു ഭയമാണ്. 

കന്നുകാലികളെ വളർത്തിയാണ് ഇവിടുത്തുകാർ  ഉപജീവനം നടത്തിവന്നത്.  ഇവയെ തീറ്റയ്ക്കായി അഴിച്ചു വിടുമായിരുന്നു. വയർ നിറയുമ്പോൾ വൈകിട്ട് ഇവ തനിയെ വീട്ടിൽ എത്തുമായിരുന്നു.  ഇപ്പോൾ ഇവയെ അഴിച്ചുവിട്ട്  വളർത്താൻ  പറ്റാത്ത സ്ഥിതിയായി. 3 പശുവിനെയും ഒരു ആടിനേയും  കടുവ കൊന്നതോടെ  ജനത്തിന്റെ ഭീതി ഇരട്ടിച്ചു.  

‘കൂട്  സ്ഥാപിക്കണം’

ബഥനിമലയിൽ  കൂടുതൽ കൂട് സ്ഥാപിച്ച്  കടുവയെ പിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന്  യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.  നിരന്തരം കടുവ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്നതിനാൽ  ജനങ്ങൾക്കു പുറത്തിറങ്ങാൻ പോലും ഭയമാണ്. അപകടകാരിയായ കടുവയെ പിടിക്കാൻ ഒരു കൂട് മാത്രമാണ് വനപാലകർ സ്ഥാപിച്ചിട്ടുള്ളത്.  അവിടെ നിന്നു ഒരു കിലോമീറ്റർ അകലെയാണ് ഇന്നലെ  മാമ്പ്രേത്ത് ജോസിന്റെ വീട്ടിലെ തൊഴുത്തിൽ നിന്ന് ആടിനെ പിടിച്ചത്.

ഈ സാഹചര്യത്തിൽ ഒരു കൂട് മാത്രം പോരാ എന്നും യോഗം വിലയിരുത്തി.