ഗൂഗിൾ ക്രോമിലെ ദിനോസർ ഗെയിം കളിക്കാൻ വഴികണ്ടെത്തിയ യുവാവ് പങ്കുവച്ച് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. സോഫ്റ്റ്​വെയർ എഞ്ചിനീയറായ അക്ഷയ് നരിസെട്ടി ട്വിറ്ററിലാണ് വിഡിയോ പങ്കുവച്ചത്. ഈ വിഡിയോ തനിക്ക് ഗൂഗിളിൽ നിന്ന് ഒരു ഇന്റർവ്യൂവിന് അവസരം ഒരുക്കി നൽകിയതായും അക്ഷയ് കുറിച്ചു.

ക്ലാസിക് ‘ഡൈനോ ഗെയിമിന്റെ’ലളിതമായ ഒരു ഹാക്കാണ് അക്ഷയ് അവതരിപ്പിച്ചത്. താനീ വിഡിയോ ചിത്രീകരിച്ചത് കുറച്ച് വർഷങ്ങൾക്ക് മുമ്പാണെന്നും അന്ന് ഗൂളിളിൽ നിന്ന് അഭിമുഖത്തിന് വിളിച്ചിരുന്നതായും യുവാവ് അവകാശപ്പെടുന്നു. അന്ന് ഗെയിമിന്റെ വിഡിയോ ലിങ്ക്ഡ്ഇന്നിൽ വൈറലായിരുന്നു. അങ്ങിനെയാണ് ഗൂഗിളിൽ അവസരം തേടിവന്നത്.

കീബോര്‍ഡിലെ സ്പേസ് ബാര്‍ അമര്‍ത്താന്‍ ഒരു ഉപകരണം നിർമിച്ചാണ് അക്ഷയ് ഡൈനോ ഗെയിം വിജയിച്ചത്. ഈ ഉപകരണം പ്രോഗ്രാം ചെയ്യാന്‍ താന്‍ മൈക്രോ കണ്‍ട്രോളര്‍ ആര്‍ഡ്വിനോ ആണ് ഉപയോഗിച്ചതെന്നും അക്ഷയ് പറയുന്നു. ഇതാണ് ദിനോസറിനെ തുടര്‍ച്ചായി എല്ലാ തടസ്സങ്ങളെയും ചാടി കടക്കാന്‍ അനുവദിച്ചത്. ഇതിലൂടെ അദ്ദേഹം ഗെയിമില്‍ 300 പോയിന്റ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അക്ഷയ് വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വിഡിയോ ഇതുവരെ ഏഴ് ദശലക്ഷത്തോളം പേര് കാണുകയും 251,000-ലധികം ലൈക് നേടുകയും ചെയ്തു. എസ്.ആര്‍.എം യൂനിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാർഥിയാണ് അക്ഷയ്.