അഹമ്മദാബാദ്: ഐപിഎൽ ചരിത്രത്തിലെ ആദ്യ ഇംപാക്റ്റ് പ്ലെയറായി ചെന്നൈ സൂപ്പർ കിങ്സിന്റെ തുഷാർ ദേശ്പാണ്ഡെ. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഉദ്ഘാടന മത്സരത്തിൽ അമ്പാട്ടി റായുഡുവിന് പകരമാണ് തുഷാർ ചെന്നൈക്കായി കളത്തിലിറങ്ങിയത്. ഗുജറാത്തിനായി കെയ്ൻ വില്യംസണ് പകരം സായ് സുദർശനും ഇംപാക്റ്റ് പ്ലെയറായി കളത്തിലെത്തി. ഫീൽഡിങ്ങിനിടെ വില്യംസണ് പരിക്കേറ്റതിനെ തുടർന്നായിരുന്നു ഇത്.

തുഷാർ ദേശ്പാണ്ഡെ, സുബ്രാൻഷു സേനാപതി, ഷായിക് റഷീദ്, അജിങ്ക്യ രഹാനെ, നിഷാന്ത് സിന്ധു എന്നിവരായിരുന്നു ചെന്നൈയുടെ പകരക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. സായ് സുദർശൻ, ജയന്ത് യാദവ്, മോഹിത് ശർമ, അഭിനവ് മനോഹർ, കെ.എസ് ഭരത് എന്നിവരായിരുന്നു ഗുജറാത്തിന്റെ പകരക്കാർ.

ഈ വർഷമാണ് ഐപിഎല്ലിൽ ഇംപാക്റ്റ് പ്ലെയർ നിയമം പ്രാബല്യത്തിൽ വന്നത്. ആദ്യ മത്സരത്തിൽ തന്നെ ചെന്നൈ അത് ഉപയോഗപ്പെടുത്തുകയും ചെയ്തു.

രണ്ടാം ഇന്നിങ്സിൽ ഗുജറാത്ത് ഇന്നിങ്സ് ആരംഭിക്കുന്നതിന് മുമ്പുതന്നെ നാലാം അമ്പയറുടെ അനുവാദം വാങ്ങി ചെന്നൈ തുഷാറിനെ കളത്തിലിറക്കുകയായിരുന്നു.