ഓഹരികളുടെ നിരീക്ഷണം സംബന്ധിച്ച മെക്കാനിസവും, നടപടികളും സുതാര്യമാണെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) അറിയിച്ചു. കൃത്യമായ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളിൽ മാനുഷികമായ ഇടപെടലുകൾക്ക് പങ്കില്ല. അദാനി എന്റർപ്രൈസസ് അടക്കമുള്ള അദാനി ഓഹരികളെ നിരീക്ഷണത്തിൽ നിന്ന് (ഷോർട് ടേം എഎസ്എം) കഴിഞ്ഞ ദിവസം എൻഎസ്ഇ ഒഴിവാക്കിയിരുന്നു. ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിശദീകരണം.

വിവിധ തരം ഓഹരികളിൽ നടപടികളെടുക്കുന്നത് സുതാര്യമായ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇത്തരം നിയമങ്ങളും, നടപടികളും പക്ഷപാതിത്വ സ്വഭാവം ഇല്ലാത്തതും, മുൻകൂട്ടി പ്രഖ്യാപിക്കാൻ സാധിക്കാത്തതും, ഓട്ടോമാറ്റിക്കായി ബാധകമാകുന്നവയുമാണെന്നും എൻഎസ്ഇ പ്രസ്താവനയിൽ പറഞ്ഞു.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ഊഹക്കച്ചവടങ്ങളിൽ നിന്നും, ഷോർട് സെല്ലിങ്ങിൽ നിന്നും നിക്ഷേപകരെ സംരക്ഷിക്കാനായി അദാനി ഓഹരികൾക്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി 3ന് എൻഎസ്ഇ, അദാനി എന്റർപ്രൈസസ്, അംബുജ സിമന്റ്സ്, അദാനി പോർട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നീ ഓഹരികളെയാണ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം അംബുജ സിമന്റ്സ്, അദാനി പോർട്സ് ഓഹരികളെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. അദാനി എന്റർപ്രൈസ് ഓഹരികളുടെ നിരീക്ഷണ നിലവാരം ഈ മാസത്തിന്റെ തുടക്കത്തിൽ ഉയർത്തുകയും ചെയ്തു.

ഓഹരികളെ അഡീഷണൽ സർവൈലൻസ് മെഷേഴ്സിൽ (എഎസ്എം) ഉൾപ്പെടുത്തുന്നതും, മറ്റ് ട്രേഡിങ് ആക്ടിവിറ്റികളും ചില പ്രത്യേക വ്യവസ്ഥകൾ പ്രകാരമാണ്. പ്രൈസ് ബാൻഡ്സ്, ട്രേഡ് ഫോർ ട്രേ‍ഡ് (T2T) തുടങ്ങിയവ ഉദാഹരണമാണ്. ഇവ, വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം, വോളിയം, വിപണി മൂല്യം, ക്ലയന്റ് കോൺസൺട്രേഷൻ, ലിക്വിഡിറ്റിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ ഇവിടെ ബാധകമാണ്.