ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം. ഓസ്ട്രേലിയ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 61 പന്തുകള്‍ ബാക്കി നില്ക്കെ ഇന്ത്യ മറികടന്നു. അർദ്ധ സെഞ്ച്വറിയുമായി ഫോമിലേക്കുയർന്ന കെ എൽ രാഹുലാണ് (75*) ഇന്ത്യയുടെ വിജയ ശില്പി.

രാഹുൽ, ജഡേജ (45*) കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്. 83 ന് 5 എന്ന നിലയിൽ നിന്നാണ് സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്.

നേരത്തെ 189 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് തുടരെ വിക്കറ്റ് നഷ്ടമായി. സ്കോർ 34 ൽ എത്തിയപ്പോൾ നാല് മുൻനിര ബാറ്റർമാരെയാണ് നഷ്ടപ്പെട്ടത്. നാലാം വിക്കറ്റിൽ പാണ്ഡ്യ, രാഹുൽ സഖ്യം നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും പാണ്ഡ്യയെ(25) പുറത്താക്കി സ്റ്റോയ്നിസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.

തുടർന്നാണ് ഇന്ത്യയുടെ വിജയ കൂട്ടുകെട്ട് രൂപം കൊണ്ടത്. 108 റൺസാണ് സഖ്യം കൂട്ടിച്ചേർത്തത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും, മാർക്കസ് സ്റ്റോയ്നിസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 188 ന് പുറത്താവുകയായിരുന്നു. 169 ന് 5 എന്ന നിലയിൽ നിന്നാണ് സന്ദർശകർ അവിശ്വസനീയമായ നിലയിൽ തകർന്നത്.

65 ബോളിൽ 81 റൺസെടുത്ത മിച്ചൽ മാർഷാണ് ഓസീസ് നിരയിലെ ടോപ്പ് സ്കോറർ. മറ്റാർക്കും തിളങ്ങാനായില്ല. പത്ത് ഫോറും അഞ്ച് സിക്സും പറത്തിയാണ് മാർഷ് കത്തിക്കയറിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ 5 റൺസുള്ളപ്പോൾ ട്രാവിസ് ഹെഡിനെ മടക്കി മുഹമ്മദ് സിറാജ് ക്യാപ്റ്റൻ്റെ തീരുമാനം ശരിവെച്ചു.

സ്റ്റീവ് സ്മിത്ത് (22), ജോഷ് ഇന്ഗ്ലിസ് (26), ലബു ഷെയ്ൻ (15 ), കാമറൂൺ ഗ്രീൻ (12) എന്നിങ്ങനെയാണ് മറ്റ് മുൻനിര ബാറ്റർമാരുടെ സ്കോറുകൾ.

ഓസീസ് നിരയിലെ 5 പേർക്ക് രണ്ടക്കം കാണാനായില്ല. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 17 റൺസ് വഴങ്ങിയും, സിറാജ് 29 റൺസ് വഴങ്ങിയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ജഡേജ രണ്ടും, ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.