പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ പിരിഞ്ഞു. ഇന്നലെ സഭയിലുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം നിരന്തരം നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെ തുടര്‍ന്ന് സഭ പിരിയുകയായിരുന്നു.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സഭയിലെത്തിയത് മുതല്‍ പ്രതിപക്ഷം പ്രതിഷേധിക്കാന്‍ തുടങ്ങി. ഇതോടെ സ്പീക്കര്‍ സംസാരിച്ചു. ഇന്നലെ സഭക്കകത്തും പുറത്തുമുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ ചരിത്രത്തിലില്ലാത്ത രീതിയില്‍ സ്പീക്കറുടെ ചേംബര്‍ തന്നെ ഉപരോധിക്കുന്ന സാഹചര്യമുണ്ടായി.

തുടര്‍ന്ന് കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശം നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സ്പീക്കറുടെ ചേംബറില്‍ ഒരു പ്രശ്നവുമുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല.

വാച്ച്‌ ആന്‍ഡ് വാര്‍ഡ് മന:പൂര്‍വം ഉപദ്രവിക്കുകയായിരുന്നു. വനിത എം.എല്‍.എയെ അടക്കം ഉപദ്രവിച്ചെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ച സംഭവത്തില്‍ ഡെപ്യൂട്ടി ചീഫ് മാര്‍ഷലിനെതിരെയും രണ്ട് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.