മുംബൈ: പ്ലേ ഓഫിലെ വിവാദഗോളുയർത്തിയ അലയൊലികൾക്ക് ശേഷം ആദ്യ പാദ സെമിയിൽ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് അട്ടിമറിച്ച് ബെംഗളൂരു എഫ്സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം.

പകരക്കാരനായി ഇറങ്ങി 78-ാം മിനിറ്റിലെ കോർണർ ഹെഡറിലൂടെ വലയിലെത്തിച്ച് സുനിൽ ഛേത്രിയാണ് ബെംഗളൂരുവിന് ജയമൊരുക്കിയത്. സീസണിൽ ബെംഗളുരുവിന്റെ തുടർച്ചയായ 10-ാം ജയമാണിത്.

ലീഗ് ഘട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് വിന്നേഴ്സ് ഷീൽഡ് ജേതാക്കളായ മുംബൈക്ക് പക്ഷേ സ്വന്തം മൈതാനത്ത് ബെംഗളൂവിന്റെ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് മികച്ച നീക്കങ്ങൾ നടത്തിയ ബെംഗളൂരു പലപ്പോഴായി മുംബൈ ഗോൾകീപ്പർ പുർബ ലാചെൻപയെ പരീക്ഷിച്ചു.

യോർഗെ പെരെയ്ര ഡിയാസും ബിപിൻ സിങ്ങും ഗ്രെഗ് സ്റ്റീവർട്ടും ലാലിയൻസുല ചാങ്തെയുമടങ്ങിയ മുംബൈ മുന്നേറ്റത്തെ കൃത്യമായി പിടിച്ചുകെട്ടാൻ യൊവാനോവിച്ച്, സന്ദേശ് ജിംഗാൻ, ബ്രൂണോ എഡ്ഗർ റാമിറസ് സഖ്യത്തിന് സാധിച്ചതോടെ അവരുടെ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. 78-ാം മിനിറ്റിൽ ഗോൾവീണ ശേഷമാണ് മുംബൈ അൽപമൊന്ന് ഉണർന്ന് കളിച്ചത്. ഇതിനിടെ ഇൻജുറി ടൈമിൽ രണ്ടാം ഗോൾ നേടാനുള്ള സുവർണാവസരം ഛേത്രി നഷ്ടപ്പെടുത്തി.