ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഏറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് രേണു രാജ് അറിയിച്ചു.

അതേസമയം, ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രിമാരായ പി. രാജീവ്, മന്ത്രി വീണാ ജോര്‍ജ്, എം.ബി. രാജേഷ്, മേയര്‍ എം. അനില്‍ കുമാര്‍, എം.എല്‍.എമാരായ പി.വി. ശ്രീനിജിന്‍, ടി.ജെ. വിനോദ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍, സബ് കളക്ടര്‍ പി. വിഷ്ണു രാജ്, വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.