ചേർത്തല: ആലപ്പുഴ ജില്ലയിൽ ദേശീയപാത 66ൻ്റെ നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുപ്പ് ഏറെക്കുറെ പൂർത്തിയായതോടെ പലയിടത്തും ഭൂമി നിരപ്പാക്കുന്നതിൻ്റെയും ഇരുവശത്തുമുള്ള ഓടകളുടെയും നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. 45 മീറ്റർ വീതിയിൽ ഇരുവശത്തും സർവീസ് റോഡുകളുള്ള ആറുവരിപ്പാതയാണ് നിർമിക്കുന്നത്. ഇതോടൊപ്പം അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ഫ്ലൈഓവറിൻ്റെ ടെസ്റ്റ് പൈലിങും ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിലെ ഏറ്റവും വലിയ ഫ്ലൈഓവറാണ് ആലപ്പുഴ ജില്ലയിൽ ഉയരുന്നത്.

ഉയരപ്പാതയുടെ നിർമാണത്തിനു മുന്നോടിയായി മുന്നൂറിലധികം കേന്ദ്രങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ച് ഡൽഹിയിലെ സ്വകാര്യ ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പാതയിലെ മൂന്നാമത്തെ ടെസ്റ്റ് പൈലിങ് തുറവൂരിനു സമീപം കോടംതുരുത്തിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ പാലത്തിൻ്റെ തൂണുകൾ നിർമിക്കാൻ മീഡിയൻ മറച്ചുകെട്ടി പൈലിങ് തുടങ്ങും. മഹാരാഷ്ട്രയിലെ അശോക് ബിൽഡ്കോൺ എന്ന കമ്പനിയ്ക്കാണ് ഇവിടെ നിർമാണച്ചുമതല. നിലവിലെ റോഡിൻ്റെ മീഡിയനിൽ നിർമിക്കുന്ന വലിയ കോൺക്രീറ്റ് തൂണുകളിലാണ് ഉയരപ്പാത നിർമിക്കുക. ഇതടക്കം 81 കിലോമീറ്റർ നീളത്തിൽ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ മൂന്ന് ഫ്ലൈഓവറുകളാണ് ഉണ്ടാകുക. 

കൂടാതെ പ്രധാന ജംഗ്ഷനുകളിലടക്കം 10 മേൽപ്പാലങ്ങൾ, ഏഴ് ചെറിയ പാലങ്ങൾ, 32 അടിപ്പാതകൾ എന്നിവയുമുണ്ടാകും. ഇവയിൽ പലതിൻ്റെയും പൈലിങ് അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ ബൈപ്പാസിൽ നിർമിക്കുന്ന സമാന്തര പാലത്തിനു പുറമെ ചേപ്പാടും ഉയരപ്പാത നിർമിക്കുന്നുണ്ട്. ഹരിപ്പാട്, നങ്ങ്യാർകുളങ്ങര മേഖലകളിലാണ് നാലു മേൽപ്പാലങ്ങൾ നിർമിക്കുന്നത്.