ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലപാതകങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ബിബിസി ഡോക്യുമെന്ററി. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബ്രീട്ടീഷ് രേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് ചാനല്‍ ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗമാണ് ബി.ബി.സി ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്.

2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. ഇതിലെ വിവരങ്ങളാണ് തങ്ങള്‍ പുറത്തുവിടുന്നതെന്ന് ബി.ബി.സി അവകാശപ്പെടുന്നുണ്ട്. ഡോക്യുമെന്ററിയില്‍ ബ്രിട്ടീഷ് സര്‍ക്കാറിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതി തയാറാക്കിയാണ് ഗുജറാത്ത് കലാപം നടന്നതെന്ന് ബിബിസി പറയുന്നു.

ബ്രിട്ടീഷ് സര്‍ക്കാര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഇന്ത്യയിലേക്ക് അയച്ചു. ഇവര്‍ ഗുജറാത്തിലെത്തി അന്വേഷണങ്ങള്‍ നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് 2001-2006 കാലത്തെ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജാക് സ്‌ട്രോ ഡോക്യുമെന്ററിയില്‍ അവകാശപ്പെടുന്നുണ്ട്.