ഓസ്‌ട്രേലിയൻ ഓപ്പണിന് മുന്നോടിയായി തന്റെ അവസാന ഗ്രാൻഡ് സ്ലാം മത്സരത്തിന് കാത്തിരിക്കുന്ന സാനിയ മിർസ ഫെബ്രുവരിയിൽ നടക്കുന്ന ദുബായ് ഓപ്പണോടെ തന്റെ ബൂട്ടഴിക്കുമെന്ന് സ്ഥിരീകരിച്ചു. സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിലാണ് താരം തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. 

36 കാരിയായ സാനിയ ഓസ്‌ട്രേലിയൻ ഓപ്പണിൽ കസാക്കിസ്ഥാന്റെ അന്ന ഡാനിലീനയ്‌ക്കൊപ്പം ഡബിൾസിൽ മത്സരിക്കും, സീസണിലെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ മിക്‌സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയുമായി ചേരുമെന്നും പ്രതീക്ഷിക്കുന്നു. തന്റെ പ്രൊഫഷണൽ ടെന്നീസ് വിരമിക്കലിന് മുന്നോടിയായാണ് വൈകാരികമായ ഒരു കുറിപ്പ് പങ്കുവെക്കാൻ സാനിയ മിർസ സോഷ്യൽ മീഡിയയിൽ എത്തി.

“മുപ്പത് (അതെ, 30!) വർഷങ്ങൾക്ക് മുമ്പ് ഹൈദരാബാദിലെ നാസർ സ്‌കൂളിലെ 6 വയസ്സുള്ള ഒരു പെൺകുട്ടി, അവളുടെ ഇളയമ്മയോടൊപ്പം നിസാം ക്ലബ്ബിലെ ടെന്നീസ് കോർട്ടിലേക്ക് നടന്നു, ടെന്നീസ് കളിക്കാൻ അവളെ അനുവദിക്കാൻ കോച്ചിനോട് വഴക്കിട്ടു. അന്ന് അവൾ വളരെ ചെറുതായിരുന്നു. എന്റെ സ്വപ്‌നങ്ങൾക്കായുള്ള പോരാട്ടം 6 വയസിൽ ആരംഭിച്ചു” സാനിയ കുറിച്ചു.

ഓസ്‌ട്രേലിയ ഓപ്പണിൽ മഹേഷ് ഭൂപതിയ്‌ക്കൊപ്പം മിക്‌സഡ് ഡബിൾസിലാണ് സാനിയ തന്റെ കന്നി ഗ്രാൻഡ് സ്ലാം കിരീടം നേടിയത്. 6 ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടി, അതിൽ അവസാനത്തേതും 2016ൽ ഓസ്‌ട്രേലിയൻ ഓപ്പണിലായിരുന്നു, മാർട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിൾസ്. 2022 സീസണോടെ വിരമിക്കുമെന്ന് സാനിയ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുഎസ് ഓപ്പണിന് മുമ്പുള്ള പരിക്ക് വിരമിൽ പദ്ധതികളിൽ മാറ്റം വരുത്താൻ അവരെ നിർബന്ധിതയാക്കി.