ലക്‌നൗ: ഡൽഹിയിൽ കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിയെ 13 കിലോമീറ്റർ വലിച്ചിഴച്ച സംഭവത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഇതിന്റെ ഞെട്ടൽ മാറും മുൻപെ സമാന അപകടം ഉത്തർപ്രദേശിലെ നോയിഡയിലും നടന്നതായി റിപ്പോർട്ട്. പുതുവത്സര ദിനത്തിലാണ് ഈ അപകടവും നടന്നിട്ടുള്ളത്. സ്വിഗ്ഗി ജീവനക്കാരനായ കൗശിലാണ് ദാരുണ മരണം സംഭവിച്ചത്.

പുതുവത്സരത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ സ്‌കൂട്ടറിൽ കാർ ഇടിയ്ക്കുകയായിരുന്നു. നോയിഡ സെക്ടർ 14ൽ ഫ്‌ളൈ ഓവറിന് സമീപത്തായിരുന്നു അപകടം. കാറിനടിയിൽ കുടുങ്ങിയ യുവാവിനെ ഒരു കിലോ മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. യുവാവിന്റെ മൃതദേഹം കാറിനടിയിൽ കണ്ടതോടെ ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു. 

കൗശിലിനെ കാണാതായതിനെ തുടർന്ന് സഹോദരൻ ഫോണിൽ വിളിച്ചപ്പോൾ മറ്റൊരു വഴിയാത്രക്കാരൻ ഫോൺ എടുത്ത് അപകട വിവരം പറയുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് ഇത് നടക്കുന്നത്. കൗശിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

ഡൽഹിയിൽ ഇരുപതുകാരിയെ കാറിടിച്ചതിന് ശേഷം 13 കിലോമീറ്ററുകൾ വലിച്ചിഴച്ച സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് നോയിഡയിൽ സമാന അപകടം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിയിലെ കാഞ്ചവാലയിലാണ് അഞ്ജലി സിംഗ് എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലായിരുന്നു. കാറിടിച്ച് റോഡിൽ വീണ അഞ്ജലിയെ 13 കിലോമീറ്ററുകൾ വലിച്ചിഴക്കുകയായിരുന്നു.