തിരുവനന്തപുരം : സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും പ്രതിഷേധം അറിയിച്ച് ഹരീഷ് പേരടി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഹരീഷ് പേരടി തന്റെ പ്രതിഷേധം അറിയിച്ചത്.

” ഞാനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ പട്ടികളുമായി ഉപമിച്ച രഞ്ജിത്തിന്റെ മാടമ്പത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും” എന്ന് ഹരീഷ് പേരടി വീഡിയോയിൽ പറഞ്ഞു. തുടർന്നാണ് നടൻ കൂവിയത്.

ദേവാസുരം എന്ന സിനിമയിലെ ” വന്ദേ മുകുന്ദ ഹരേ” എന്ന പാട്ടിന്റെ ഈണത്തിലാണ് ഹരീഷ് പേരടി കൂവിയത്. ഇതിന് പിന്നാലെ കുരയ്‌ക്കുന്നതും കാണാം. മേലാൽ ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കാതിരിക്കുക എന്നും വീഡിയോയിൽ പറയുന്നുണ്ട്.

ഐഎഫ്എഫ്‌കെ വേദിയിൽ പ്രതിഷേധിച്ചവരെ നായ്‌ക്കളോട് ഉപമിച്ച രഞ്ജിത്തിന്റെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഐഎഫ്എഫ്കെയുടെ സമാപനവേദിയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് രഞ്ജിത്തിന് നേരെ പ്രതിഷേധക്കാർ കൂവിയത്. മമ്മൂട്ടി നായകനായ ചിത്രം ‘ നൻപകൽ നേരത്ത് മയക്കം” എന്ന ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ പ്രശ്നമാണ് പ്രതിഷേധത്തിൽ കൊണ്ടെത്തിച്ചത്.

എന്നാൽ, തനിക്ക് കൂവൽ ഒരു പുത്തരിയല്ലെന്നും എസ്എഫ്‌ഐയിലൂടെ വളർന്ന ആളാണ് താനെന്നും ആയിരുന്നു രഞ്ജിത്തിന്റെ മറുപടി. തുടർന്നാണ് കൂവിയ ആളുകളെ നായ്‌ക്കളോട് ഉപമിച്ചത്.