ആലപ്പുഴ ബീച്ച്‌ സ‍ര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ നവജാത ശിശുക്കളെ മാറി നല്‍കിയതായി പരാതി. മൂന്ന് ദിവസം മുന്‍പ് ഇതേ ആശുപത്രിയില്‍ വച്ച്‌ പ്രസവിച്ച തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശിനികളുടെ കുട്ടികളെയാണ് പരസ്പരം മാറി നല്‍കിയത്. പ്രസവശേഷം മഞ്ഞയുടെ പ്രശ്നം ഉള്ളതിനാല്‍ രണ്ട് കുഞ്ഞുങ്ങളേയും ഐസിയുവില്‍ ലൈറ്റടിപ്പിക്കാനായി കൊണ്ടു പോയിരുന്നു.

ഇവിടെ കിടത്തിയ ശേഷം ബന്ധുക്കള്‍ക്ക് തിരികെ നല്‍കിയപ്പോള്‍ ആണ് കുഞ്ഞുങ്ങള്‍ മാറിപ്പോയത്. തത്തംപള്ളി സ്വദേശിനിയുടേത് പെണ്‍കുഞ്ഞും വെള്ളക്കിണ‍ര്‍ സ്വദേശിയുടെ ആണ്‍കുഞ്ഞുമായതിനാല്‍ ബന്ധുക്കള്‍ക്ക് കുട്ടിയെ മാറിയ കാര്യം തിരിച്ചറിയാന്‍ സാധിച്ചത്.

ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന് ഏല്‍പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.