കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ആലഞ്ചേരിയോട് നാളെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി വിചാരണ നേരിടാൻ സുപ്രീംകോടതി നിർദേശിച്ച പശ്ചാത്തലത്തില്‍ വിശ്വാസികളെ പൊതുസമൂഹത്തിൽ അവഹേളിക്കാതെ അപമാനിക്കാതെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം രാജി വച്ചു പുറത്ത് പോകണമെന്നും വിചാരണ നേരിടണമെന്നും അല്മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞ 5വർഷമായി എറണാകുളം അതിരൂപതയുടെ ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട് 14ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായി വിചാരണ നേരിടുന്ന കർദിനാൾ ആലഞ്ചേരി വിശ്വാസികളെ പൊതുസമൂഹത്തിൽ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഈ കേസുകൾക്ക് വേണ്ടി ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ ഫീസ് വാങ്ങുന്നവരാണ് കർദിനാൾ ആലഞ്ചേരിക്ക് വേണ്ടി കോടതികളിൽ ഹാജരായത്. തട്ടിപ്പ് നടത്തിയ വ്യക്തിയെ സംരക്ഷിക്കാൻ കഴിഞ്ഞ 5വർഷത്തിനിടയിൽ സഭ ചെലവഴിച്ചത് കോടികൾ ആണ്, അത് കൊണ്ട് തന്നെ ഇനിയും വിശ്വാസികളുടെ നേർച്ചപണം കൊണ്ട് കർദിനാൾ ആലഞ്ചേരിക്ക് സംരക്ഷണം ഒരുക്കുന്നത് നിർത്തണമെന്നും അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.

സീറോ മലബാർ സഭയിൽ കഴിഞ്ഞ കുറച്ചു നാളുകളായി ആരോപണങ്ങൾ നേരിടുന്നവരെ എന്ത് വിലകൊടുത്തും സംരക്ഷണം ഒരുക്കുന്ന ശൈലിയാണ് സഭയെ പൊതുസമൂഹത്തിൽ നിരന്തരം അപഹാസ്യമാക്കുന്നത് എന്ന് അല്മായ മുന്നേറ്റം അഭിപ്രായപ്പെട്ടു. ആരോപണങ്ങൾ വരുമ്പോൾ അതിനെ കുറിച്ച് കൃത്യമായി അന്വേഷണം നടത്തി ആരോപണം നേരിടുന്ന വ്യക്തിയെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തി നിയമത്തിനു വിട്ട് കൊടുക്കാനുള്ള ആർജ്ജവം കാണിക്കണമെന്ന് അല്മായ മുന്നേറ്റം അതിരൂപത സമിതി ആവശ്യപ്പെട്ടു. അല്മായ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പത്രപ്രസ്താവനയിൽ അറിയിച്ചു.