ന്യൂഡൽഹി: മുസ്ലിം ലീഗ് വർഗീയപ്പാർട്ടിയാണെന്ന് ആറ് മാസം മുൻപ് വരെ സിപിഎം പറഞ്ഞതാണെന്ന് വടകര എംപി കെ മുരളീധരൻ. നിലപാട് മാറ്റിയത് കോൺഗ്രസിന്‍റെ നിലപാടാണ് ശരിയെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ഒരു പ്രശ്നവുമില്ല. എന്നാൽ മുസ്ലിം ലീഗ് മുന്നണി വിട്ടാൽ അത് വലിയ നഷ്ടമാകും. മുന്നണി സംവിധാനം ദുർബലമാകും.

കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഗോവിന്ദൻ മാഷിന്‍റെ പരാമർശം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ മുസ്ലിം ലീഗാണ് സിപിഎമ്മിന് മറുപടി നൽകേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

ഐക്യത്തോടെ നിന്നാൽ അടുത്ത തെരഞ്ഞെടുിപ്പിൽ യുഡിഎഫിന് കേരളത്തിൽ അധികാരം പിടിച്ചെടുക്കാനാവും. അതിന്‍റെ സൂചനകൾ എല്ലാ ഭാഗത്തുമുണ്ട്. കോൺഗ്രസിൽ കാലങ്ങളായി ആശയപരമായ സംഘർഷം ഉണ്ടായിരുന്നു. അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നാളെ രാഷ്ട്രീയകാര്യ സമിതിയോഗമുണ്ട്. രാജ്യസഭയിൽ ഏക സിവിൽ കോഡ് ചർച്ചയിൽ ആരൊക്കെ സംസാരിച്ചുവെന്നത് വ്യക്തമാണ്.

ആദ്യം തന്നെ 3 കോൺഗ്രസ് നേതാക്കൾ അതിനെ വിമർശിച്ചിരുന്നു. സാധാരണ ഇത്തരം ബില്ലുകൾ വോട്ടെടുപ്പിലേക്ക് പോകാറില്ല. എന്നാൽ വിഷയത്തിന്‍റെ പ്രാധാന്യം കാണക്കാക്കിയാണ് അത് വോട്ടെടുപ്പിലേക്ക് പോയത്. തുടക്കത്തിൽ തന്നെ ബില്ലിനെ കോൺഗ്രസ് അംഗങ്ങൾ എതിർത്തിരുന്നുവെന്നതായും കെ മുരളീധരൻ പറഞ്ഞു.