പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 7 ന് ആരംഭിച്ചതോടെ കര്‍ണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള ബെലഗാവി അതിര്‍ത്തി തര്‍ക്കം ലോക്‌സഭയിലെ ചൂടേറിയ ചര്‍ച്ചയായി. ഡിസംബര്‍ 6 ന് അതിര്‍ത്തിയില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എംപി സുപ്രിയ സുലെ ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

‘കഴിഞ്ഞ 10 ദിവസമായി മഹാരാഷ്ട്രയില്‍ ഒരു പുതിയ പ്രശ്‌നം ഉയര്‍ന്നുവരുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ മുഖ്യമന്ത്രി അസംബന്ധം പറയുകയാണ്. ഇന്നലെ മഹാരാഷ്ട്രയിലെ ജനങ്ങള്‍ കര്‍ണാടക അതിര്‍ത്തിയിലേക്ക് പോകാന്‍ ആഗ്രഹിച്ചെങ്കിലും അവരെ മര്‍ദ്ദിച്ചു.”- സുപ്രിയ സുലെ പറഞ്ഞു.

കഴിഞ്ഞ 10 ദിവസമായി മഹാരാഷ്ട്രയ്ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് എന്‍സിപി എംപി ആരോപിച്ചു. ”മഹാരാഷ്ട്രയെ ശിഥിലമാക്കുന്നതിനെക്കുറിച്ചാണ് കര്‍ണാടക മുഖ്യമന്ത്രി സംസാരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നു. ഇന്നലെ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് മര്‍ദനമേറ്റു. ഇത് അനുവദിക്കാനാവില്ല. ഇത് ഒരു രാജ്യമാണ്.”- വിഷയത്തില്‍ സംസാരിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സുലെ പറഞ്ഞു.

എതിര്‍പ്പുകള്‍ മാത്രമാണ് പ്രതിപക്ഷം എപ്പോഴും ഉന്നയിക്കുന്നതെന്നും വിഷയം ഇപ്പോഴും സുപ്രീം കോടതിയില്‍ ഉള്ളതിനാല്‍ പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രിയ സുലെയുടെ പ്രസ്താവനയ്ക്ക് മറുപടിയായി ബി.ജെ.പി എം.പി ശിവകുമാര്‍ ഉദാസി സ്പീക്കറോട് പറഞ്ഞു.

മറാത്തി സംസാരിക്കുന്ന ജനങ്ങള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ അതിക്രമം കാണിക്കുന്ന രീതി അനീതിയാണെന്ന് സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എംപി വിനായക് റാവത്ത് പറഞ്ഞു. ”അവര്‍ മന്ത്രിമാരെ വരുന്നതില്‍ നിന്ന് തടയുന്നു! ഇത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കെതിരായ അനീതിയാണ്. ഞങ്ങള്‍ അതിനെ ശക്തമായി അപലപിക്കുന്നു”- വിനായക് റാവത്ത് പറഞ്ഞു.

അതേസമയം, ഇത് സെന്‍സിറ്റീവ് വിഷയമാണെങ്കിലും രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമാണെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ക്രമസമാധാന പ്രശ്നം ഒഴിവാക്കാന്‍ മന്ത്രിമാരുടെ ബെലഗാവി സന്ദര്‍ശനം റദ്ദാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന്, മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.