കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ചെറുപ്പക്കാരുടെ കൂടെ നിൽക്കണമെന്ന അഭ്യർഥനയുമായി കഥാകൃത്ത് ടി.പത്മനാഭൻ. കെപിസിസി ഗാന്ധിദർശൻ സമിതിയുടെ പുരസ്കാരം സ്വീകരിച്ച ശേഷം, സുധാകരനെ വേദിയിലിരുത്തിയായിരുന്നു പത്മനാഭന്റെ അഭ്യർഥന. വലിയ മനുഷ്യനാണു ശശി തരൂർ. ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളത് പുരുഷാരമാണ്, വ്യാമോഹമുള്ളവരല്ലെന്നും പത്മനാഭൻ പറഞ്ഞു. 

തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പലരും വിട്ടുനിൽക്കുന്ന സാഹചര്യമാണ്. തന്റെ പരിപാടികളിൽനിന്നു നേതാക്കൾ വിട്ടുനിൽക്കുന്നതു ഗൗരവത്തിൽ എടുക്കുന്നില്ലെന്ന നിലപാടാണ് തരൂർ എടുത്തത്. ഒരു പരിപാടിക്ക് വരാൻ കഴിയാത്തവർ അടുത്തതിനു വരുമായിരിക്കും. അല്ലെങ്കിൽ യുട്യൂബിൽ പ്രസംഗം കാണാൻ അവസരം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

തരൂരിന്റെ തെക്കൻ പര്യടനത്തിലെ ഏക പാർട്ടി പരിപാടിയുടെ കാര്യത്തിലാണ് കോട്ടയത്തെ പാർട്ടി ഇടഞ്ഞത്. ഡിസിസിയെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നു കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആവർത്തിക്കുമ്പോൾ തരൂർ അത് നിഷേധിക്കുകയാണ്. ഉന്നത നേതാക്കൾ വിവാദങ്ങളിൽ പ്രതികരിക്കാതെ ജാഗ്രത പാലിക്കുകയാണ്.

തരൂരുമായി ബന്ധപ്പെട്ടു കേരളത്തിൽ‌ ഉയർന്ന വിവാദത്തിൽ എഐസിസി നിലവിൽ ഇടപെടേണ്ടതില്ലെന്നും അഭിപ്രായഭിന്നത ഉണ്ടെങ്കിൽ കെപിസിസി നേതൃത്വം അതു പരിഹരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.