തിരുവനന്തപുരം: തുറമുഖ പദ്ധതിക്കെതിരേ വിഴിഞ്ഞത്ത് സമരങ്ങളും വിവാദങ്ങളും ശക്തമായി തുടരുന്നതിനിടെ പദ്ധതി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ, സാസ്കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖരുടെ തുറന്നകത്ത്. പ്രൊഫസർ എം കെ സാനു, ക്രിസ് ഗോപാലകൃഷ്ണൻ, ജിജി തോംസൺ, എം മുകുന്ദൻ, ജി ശങ്കർ, ടി കെ രാജീവ് കുമാർ, മണിയൻ പിള്ള രാജു, ജഗദീഷ്, എം ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, സി. ഗൗരി ദാസൻ നായർ, സച്ചിദാനന്ദൻ, സേതു, എൻ.എസ് മാധവൻ തുടങ്ങി എൺപതോളം പേർ ഒപ്പിട്ടതാണ് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിലുള്ള കത്ത്.

സർക്കാർ അനുഭാവപൂർണ സമീപനം സ്വീകരിക്കുമ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെ്ക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമസമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്. ഇത് അംഗീകരിക്കാൻ കേരളത്തിന്റെ താത്പര്യം ഉയർത്തിപ്പിടിക്കുന്നവർക്ക് ഒരിക്കലും കഴിയില്ലെന്നും കത്തിൽ പറയുന്നു.