ഇൻഡോർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ ഇൻഡോറിൽ എത്തിയപ്പോൾ ഇന്ന് രാവിലെ ഉണ്ടായ അനിയന്ത്രിതമായ തിക്കിലും ജനത്തിരക്കിലും പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിക്ക് നിലത്ത് വീണ് പരിക്കേറ്റു. തുടർന്ന് ക്യാമ്പിലെത്തി പ്രാഥമിക ശുശ്രൂഷകൾ ചെയ്ത ശേഷം അദ്ദേഹം വീണ്ടും യാത്രയുടെ ഭാഗമായി.

അതേസമയം, ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ലെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. യാത്രയുടെ മൂല്യത്തെ വില കുറച്ച് കാണിക്കരുത്. ആര് പ്രധാനമന്ത്രി ആകണമെന്ന് ജനം തീരുമാനിക്കും. രാജസ്ഥാൻ വിഷയം രമ്യമായി പരിഹരിക്കും. രാജസ്ഥാനിൽ  ‘കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനിൽ അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഇടയിലെ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കുന്ന ഈ മാസം 29ന് കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. അതിനിടെ രാജസ്ഥാനിലെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച ചതിയന് മുഖ്യമന്ത്രിയാകാനാകില്ലെന്ന അശോക്  ഗെലോട്ടിന്‍റെ പരാമർശം കോണ്‍ഗ്രസിലെ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്‍റെ സൂചന നല്‍കുന്നതാണ്.