എൻറിക്ക ലെക്സി കടൽക്കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട ഇറ്റാലിയൻ നാവികരിൽ ഒരാളായ മാസിമിലാരോ ലത്തോര ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഇന്ത്യ വിമർശനം ചർച്ചയാവുന്നു.

നാവികരുടെ പിടികൂടൽ എന്ന പുസ്തകത്തിൽ ഇന്ത്യൻ അധികൃതർ കെണിയിൽ പെടുത്തിയാണ് തങ്ങളെ അറസ്റ്റ് ചെയ്തത് എന്ന് ലത്തോര ആരോപിക്കുന്നു. സ്വന്തം രാജ്യം ഏൽപിച്ച ജോലി ആത്മാർഥമായി ചെയ്ത തങ്ങളെ ഇന്ത്യൻ അധികൃതർക്ക് വിട്ടുകൊടുത്തതിന് ഇറ്റലിയെയും ലത്തോര പ്രതിക്കൂട്ടിലാക്കുന്നു. ‘എന്റേതല്ലാത്ത കാരണത്താൽ ജീവിതം 10 വർഷം അഗ്നിപരീക്ഷയിലൂടെ കടന്നുപോയി. കുറ്റവിമുക്തനാക്കിയ ശേഷവും ഇറ്റലിയിലെ ആരും തിരിഞ്ഞുനോക്കിയില്ല’– ‘ഇന്ത്യൻ കെണി’ എന്ന അധ്യായത്തിൽ ലത്തോര പറയുന്നു.

നീണ്ടകരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിനു നേരെ 2012 ഫെബ്രുവരി 15നു നടന്ന വെടിവയ്പിൽ കൊല്ലം മൂതാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ (ജലസ്‌റ്റിൻ), തിരുവനന്തപുരം കളിയിക്കാവിള നിദ്രവിള ഇരയിമ്മൻതുറ അജീഷ് പിങ്കി എന്നിവർ കൊല്ലപ്പെട്ടിരുന്നു. സിംഗപ്പൂരിൽ നിന്ന് ഇൗജിപ്തിലേക്കു പോവുകയായിരുന്ന എൻ‌റിക്ക ലെക്സിയിൽ നിന്ന് കപ്പലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മാസിമിലാരോ ലത്തോര, സാൽവത്തോറെ ജോറോൺ എന്നിവരാണ് വെടിയുതിർത്തത്. ഇവരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. തീരത്തു നിന്ന് 20.5 നോട്ടിക്കൽ മൈൽ അകലെയാണ് വെടിവയ്പ് ഉണ്ടായത്.

ഇന്ത്യയിൽ നടന്ന കേസ് പിന്നീട് ഇറ്റലിയിലേക്കു മാറ്റി. ഒൻപതര വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ രാജ്യാന്തര ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ‍ നഷ്ടപരിഹാരമായി ഇറ്റലി 10 കോടി രൂപ കോടതിയിൽ കെട്ടിവച്ചതോടെ കേസ് സുപ്രീം കോടതിയും അവസാനിപ്പിച്ചു. ഇതിനിടെ ഇറ്റലിയിലെ ക്രിമിനൽ കേസും വേണ്ടത്ര തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി റോമിലെ കോടതി തള്ളി. 

പ്രതി ചേർക്കപ്പെട്ട സാൽവത്തോറെ ജോറോൺ പുസ്തകരചനയിൽ പങ്കാളിയായില്ല. കഴിഞ്ഞ 5ന് പ്രസിദ്ധീകരിച്ച പുസ്തകം ഇതിനകം 2 പതിപ്പുകൾ വിറ്റു.