ബ്രിട്ടിഷുകാരുടെ സേവകനാകാൻ ആഗ്രഹിക്കുന്നെന്നു ഹിന്ദുമഹാസഭാ നേതാവ് വി.ഡി.സവർക്കർ എഴുതിയ കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ അകോള ജില്ലയിലെത്തിയതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണു രാഹുൽ ഗാന്ധി, സവർക്കറുടെ കത്ത് പ്രദർശിപ്പിച്ചത്. ബ്രിട്ടിഷുകാരെ വല്ലാതെ ഭയപ്പെട്ടിരുന്ന സവർക്കർ മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കളെ വഞ്ചിച്ച് കത്തിൽ ഒപ്പിടുകയായിരുന്നുവെന്നു രാഹുൽ പറഞ്ഞു.

ഇതെനിക്ക് വളരെ വിലപ്പെട്ട രേഖയാണെന്നായിരുന്നു കത്ത് പ്രദർശിപ്പിക്കുന്നതിനിടെ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്. മഹാത്മാഗാന്ധി, നെഹ്റു തുടങ്ങിയ നേതാക്കൾ ദീർഘകാലം ജയിൽ വാസം അനുഭവിച്ചിരുന്നെങ്കിലും ഇത്തരത്തിലുള്ള കത്ത് എഴുതിയിരുന്നില്ലെന്നു രാഹുൽ ഓർമിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന് ഒരു പങ്കുമില്ലെന്നും ആർഎസ്എസ് ബ്രിട്ടിഷുകാരെ സഹായിക്കുകയായിരുന്നുവെന്നും നേരത്തെയും രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു. സവർക്കർ ബ്രിട്ടിഷുകാരിൽനിന്നു സ്റ്റൈപെൻഡും കൈപ്പറ്റിയിരുന്നതായി കർണാടകയിലെ തുംകൂറിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ ആരോപിച്ചിരുന്നു.

കത്ത് പ്രദർശിപ്പിച്ചതിനു പിന്നാലെ തന്റെ മുത്തച്ഛനെ അപമാനിച്ചെന്ന് ആരോപിച്ച് വി.ഡി സവർക്കറിന്റെ കൊച്ചുമകൻ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി. മഹാരാഷ്ട്ര കോൺഗ്രസ് തലവൻ മാമ പട്ടോളക്കെതിരെയും ഇത്തരം പ്രസ്താവനകൾ നടത്തിയതിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരാതിയിൽ കുറ്റപത്രം തയാറാക്കിയിട്ടില്ലെന്നും കേസ് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗം രാഹുൽ ഗാന്ധിയുടെ പരാമർശം തള്ളി. ഞങ്ങൾ വീർ സവർക്കറെ ബഹുമാനിക്കുന്നുവെന്നും രാഹുൽ പറഞ്ഞതിനോടു ഒരുതരത്തിലും യോജിക്കുന്നില്ലെന്നും ഉദ്ധവ് താക്കറെ പ്രതികരിച്ചു. കോൺഗ്രസിനും എൻസിപിക്കും ഒപ്പം മഹാരാഷ്ട്ര ഭരിച്ചതിലൂടെ ബാൽ താക്കറെയുടെ ഹിന്ദുത്വ പാരമ്പര്യത്തെ തള്ളിപറഞ്ഞുവെന്ന് ആരോപിക്കുന്ന ബിജെപി, കശ്‍മീരിൽ പിഡിപിയുമായി ചേർന്ന് ഭരണം പങ്കിട്ടത് എങ്ങനെയെന്നു വിശദീകരിക്കണമെന്നും ഉദ്ധവ് പറഞ്ഞു.

സവർക്കറെ അപമാനിച്ചാൽ മഹാരാഷ്ട്ര ജനത അതു സഹിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചു. അധികാരത്തിനായി ദേശീയതയിൽ വീട്ടുവീഴ്ച ചെയ്യാത്ത ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ പ്രധാനമന്ത്രിയെ വെല്ലുവിളിക്കാമെന്നാണു രാഹുൽ കരുതുന്നതെന്നും ഷിൻഡെ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ നേതാവിനെ അപകീർത്തിപ്പെടുത്തുന്നവരെ ജനം പാഠം പഠിപ്പിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. സവർക്കറെ രാഹുൽ അപമാനിക്കുമ്പോൾ ചിലർ മൃദുമനോഭാവം സ്വീകരിക്കുകയാണെന്നും ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് ഏക്‌നാഥ് ഷിൻഡെ ചൂണ്ടിക്കാട്ടി.