കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ എം എല്‍ എ, എം സ്വരാജ്.  എം എല്‍ എ, എം പി സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. 35 വയസ് കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും ഗവര്‍ണറാകന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായി എല്‍ ഡി എഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്. 

അതേസമയം ഗവർണര്‍ക്കെതിരായ തർക്കത്തിൽ പുതിയ പോർമുഖം തുറന്ന് എൽ ഡി എഫ് ഇന്ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു. ഗവർണറുമായി ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് പ്രഖ്യാപിച്ചാണ് ഭരിക്കുന്ന മുന്നണി തന്നെ രാജ്ഭവനിലേക്കുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ സ്ത്രീകളടക്കമുള്ള പ്രവർത്തകർ പത്തരയോടെ മ്യൂസിയം ജംഗ്ഷനില്‍ നിന്നും പ്രകടനമായി രാജ്ഭവനിലേക്ക് എത്തി. രാജ്ഭവനിൽ ഗവർണര്‍ ഉണ്ടായിരുന്നില്ലെങ്കിലും ആരിഫ് മുഹമ്മദ് ഖാനെതിരെ മുദ്രാവാക്യം വിളികള്‍ കടുത്തു. രാജ്ഭവന് മുന്നിൽ തയ്യാറാക്കിയ താൽക്കാലിക വേദിയിൽ സീതാറാം യെച്ചൂരി, കാനം രാജേന്ദ്രൻ, എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.