പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തിൽ കളനാശിനി നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. അമ്മ സിന്ധു, അമ്മാവൻ നിർമല കുമാർ എന്നിവരാണ് ഹർജി നൽകിയത്. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഷാരോൺ മരിച്ച ശേഷമാണ് ഇതേക്കുറിച്ച് അറിയുന്നതെന്നും ഹർജിയിൽ പറയുന്നു.

ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് പൊലീസ് തങ്ങളെ പ്രതി ചേർത്തതെന്നാണ് ഇവരുടെ വാദം. വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്തുതാരഹിതമാണെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് എന്നും ഹർജിയിൽ പറയുന്നു. ഗ്രീഷ്മയെ തെളിവു നശിപ്പിക്കാൻ സഹായിച്ചെന്നും വിഷക്കുപ്പി ഒളിപ്പിച്ചെന്നുമാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം.

ഇരുവരുമായുള്ള തെളിവെടുപ്പിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച അന്വേഷണ സംഘം, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും അമ്മാവൻ നിർമൽ കുമാർ നെയ്യാറ്റിൻകര സബ് ജയിലിലുമാണ് ഉള്ളത്.