തിരുവനന്തപുരം: ജയിൽ മേധാവി എസ്. സുദേഷ് കുമാർ തിങ്കളാഴ്ച വിരമിക്കും. പുണെ സ്വദേശിയായ അദ്ദേഹം 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ സുദേഷ് കുമാർ സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പാനലിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, നറുക്കുവീണത് അനിൽകാന്തിനായിരുന്നു.

ഡി.ജി.പി. തസ്തികയിലുള്ള സുദേഷ്കുമാർ വിരമിക്കുന്നതോടെ നിലവിലെ എക്സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണന് ഡി.ജി.പി. പദവി ലഭിക്കും.

പോലീസിൽ വിവിധ യൂണിറ്റുകളിൽ സേവനമനുഷ്ഠിച്ച സുദേഷ് കുമാർ ട്രാൻസ്പോർട്ട് കമ്മിഷണർ, വിജിലൻസ് ഡയറക്ടർ പദവികളും വഹിച്ചു. സുദേഷ്കുമാറിന്റെ മകൾ പോലീസുകാരനെ മർദിച്ചതുമായി ബന്ധപ്പെട്ട കേസ് വിവാദമായി.

ഒരു ആഭരണശാലയിൽനിന്ന് സൗജന്യനിരക്കിൽ ആഭരണം വാങ്ങിയെന്നും പുരാവസ്തുകേസുമായി ബന്ധപ്പെട്ട വ്യക്തിയുടെ ചെലവിൽ കുടുംബസമേതം ചൈനാസന്ദർശനം നടത്തിയെന്നും ആരോപണവുമുണ്ടായി. പോലീസ് മേധാവി സ്ഥാനത്തേക്കുള്ള പരിഗണനയിൽ ഈ വിവാദങ്ങളും ഉയർന്നുവന്നു.

വിരമിക്കാനിരിക്കെ യു.എസിലെയും കാനഡയിലെയും ജയിൽ സൗകര്യങ്ങൾ പഠിക്കാൻ യാത്ര നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പൊതുഭരണവകുപ്പ് റദ്ദാക്കി. ജയിൽ മേധാവിയായി തത്കാലം മറ്റൊരു ഉദ്യോഗസ്ഥന് അധികചുമതല നൽകാനാണ് സാധ്യത. ജനുവരിയിൽ സ്ഥാനക്കയറ്റങ്ങൾ വരുന്ന മുറയ്ക്ക് അഴിച്ചുപണി നടത്തും.