തിരുവനന്തപുരം: 30 വർഷം ആകാശത്ത് അനേകരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ എയർബസ് A-320 വിടപറയുന്നു. ഇനിയിത് ഹൈദരാബാദിൽ റെസ്റ്റോറന്റായി മാറും. മൂന്നു വർഷം മുമ്പായിരുന്നു ഇതിന്റെ അവസാന പറക്കൽ- ന്യൂഡൽഹിയിൽ നിന്നും 186-ലധികം യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക്. അതിനുശേഷം ചാക്കയിലെ ഹാങ്കർ യൂണിറ്റിന്റെ ഒഴിഞ്ഞ കോണിൽ കിടന്നിരുന്ന വിമാനം ഇവിടത്തെ എൻജിനിയറിങ് വിഭാഗത്തിലെ വിദ്യാർഥികളുടെ പഠനത്തിനായിട്ടാണ് ഉപയോഗിച്ചിരുന്നത്. കാലാവധി കഴിഞ്ഞതോടെ ഇനി വിമാനം ഉപയോഗിക്കാനാവില്ല.

തിരുവനന്തപുരം-മുംബൈ-ഡൽഹി റൂട്ടിലും ഗൾഫ് രാജ്യങ്ങളിലും തുടർ സർവീസ് നടത്തിയിരുന്നതാണ് എയർ ഇന്ത്യയുടെ (മുമ്പ് ഇന്ത്യൻ എയർലൈൻസ്) ഈ വിമാനം. വി.ടി.ഇ.എസ്.ഇ. എന്ന രജിസ്ട്രേഷൻ നമ്പറിലായിരുന്നു വിമാനം പറന്നിരുന്നത്. ഫ്രാൻസിലാണ് വിമാനം നിർമിച്ചത്. സർവീസ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് വിമാനം ആക്രിവിലയ്ക് ഇപ്പോഴത്തെ എ.ഐ. എൻജിനിയറിങ് ലിമിറ്റഡ് ലേലത്തിൽ വിറ്റത്. 75 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്. ഡൽഹി സ്വദേശിയായ ജോഗീന്ദർ സിങ്ങാണ് വിമാനം വാങ്ങിയത്.

രണ്ട് ദിവസം മുമ്പ് ചിറകും വാലും മുൻഭാഗവും കഷണങ്ങളായി മാറ്റി. എൻജിനെ പ്രത്യേകമായി മാറ്റി. ഇത് ഏതെങ്കിലും ഏവിയേഷൻ എൻജിനിയറിങ് കോളേജുകൾക്ക് വിൽക്കുമെന്നറിയുന്നു. കോക്ക് പിറ്റ് മുതൽ വാല് വരെ നീളമുള്ള ഭാഗമാണ് ഇനി ഹൈദരാബാദിലെത്തിച്ചശേഷം റസ്റ്റോറന്റാക്കി മാറ്റുക.