ന്യൂഡല്‍ഹി: അടുത്ത 3 വർഷത്തിനുള്ളിൽ കെ‌പി‌എം‌ജി അതിന്റെ ഇന്ത്യയിലെ ആവശ്യങ്ങൾക്കും ആഗോള ഡെലിവറി വിഭാഗമായ കെ‌പി‌എം‌ജി ഗ്ലോബൽ സേവനങ്ങൾക്കും (കെ‌ജി‌എസ്) വേണ്ടി ഏകദേശം 20,000 ജീവനക്കാരെ നിയമിക്കുമെന്ന് സി‌ഇ‌ഒ യെസ്ദി നാഗ്‌പോരെവാല പറഞ്ഞു. കെപിഎംജിയുടെ ഇന്ത്യാ ഓഫീസിനും കെജിഎസ് വിഭാഗത്തിനുമായി നിലവിൽ 40,000 ജീവനക്കാരാണുള്ളത്. 

ഈ ബിഗ് ഫോർ അക്കൗണ്ടിംഗ് സ്ഥാപനത്തിന്റെ ഇന്ത്യയിലെ ബിസിനസ് അതിന്റെ ആകെ 60 ശതമാനത്തോളം വരുമെന്നും ഇത് വളരെ വേഗത്തിൽ വളരുന്നുണ്ടെന്നും കെപിഎംജി സിഇഒ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പ്രസക്തി ഏറെ വലുതാണെന്നും സാങ്കേതികവിദ്യ, ഇഎസ്‌ജികൾ (പരിസ്ഥിതി, സാമൂഹിക, ഭരണ ലക്ഷ്യങ്ങൾ) എന്നിവ കാരണമാണ് ഇതെന്നും നേരത്തെ ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ നാഗ്‌പോരെവാല വ്യക്തമാക്കിയിരുന്നു. 

സജീവവും സുസ്ഥിരവും സ്ഥിരതയുള്ളതുമായ നയരൂപീകരണമാണ് ഇന്ത്യ മാന്ദ്യത്തെ ഭയപ്പെടാത്തതിന്റെ ഒരു കാരണമെന്നും അദ്ദേഹം അടിവരയിടുന്നു. സ്വയം-ഉപജീവനം, ഉൽപ്പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അർദ്ധചാലക വ്യവസായത്തിലും ആഭ്യന്തര വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ നയങ്ങൾ ഉൾക്കൊള്ളുന്നത് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നുവെന്നും, 5ജിയുടെ വരവ് ഇന്ത്യയുടെ വളർച്ചക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.