മഹാരാഷ്ട്ര: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ‘ചെകുത്താന്‍’ എന്ന് വിശേഷിപ്പിച്ച് ശിവസേന മുഖപത്രം സാമ്ന. ഉദ്ധവ് താക്കറെ-ഏകനാഥ് ഷിന്‍ഡെ തര്‍ക്കത്തിനിടെ ശിവസേനയുടെ വില്ലും അമ്പും ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് ഷിന്‍ഡെയെ ചെകുത്താനെന്ന്  വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 5000 വര്‍ഷത്തിനിടെ കണ്ടിട്ടില്ലാത്തെ ചെകുത്താന്‍ എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത്.

മറാത്തി ചക്രവര്‍ത്തി ശിവാജിയെ വധിക്കാന്‍ അയച്ച മുഗള്‍ ജനറല്‍ അഫ്‌സല്‍ ഖാനുമായി ഉദ്ധവ് താക്കറെ ക്യാമ്പ് ഷിന്‍ഡെയെ താരതമ്യം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് സഹായം തേടിയെന്നാരോപിച്ചാണ് ഷിന്‍ഡെയെ ശിവജിയെ കൊല്ലാന്‍ മുഗളന്മാര്‍ അയച്ച അഫ്സലുമായും എഡിറ്റോറിയലില്‍ താരതമ്യം ചെയ്തത്. 

ബാലാസാഹേബ് താക്കറെ തുടങ്ങിവെച്ച പാരമ്പര്യത്തിന് ഏകനാഥ് ഷിന്‍ഡെ കളങ്കം ചാര്‍ത്തിയതായും അതില്‍ പറയുന്നു. ഷിന്‍ഡെയും അദ്ദേഹത്തിന്റെ എംഎല്‍എമാരും ശിവസേനയെ മുറിവേല്‍പ്പിക്കുകയും അതുവഴി മഹാരാഷ്ട്രയെ തളര്‍ത്തി മറാത്തി ജനതയെ ദുര്‍ബലരാക്കുകയും ചെയ്തുവെന്നും മുഖപത്രത്തില്‍ കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടിയുടെ പോരാട്ടം ഈ രീതിയില്‍ അവസാനിക്കില്ലെന്നും അത് എഴുന്നേറ്റ് ശത്രുവിന്റെ നെഞ്ചില്‍ കാലുകൊണ്ട് മുദ്രകുത്തുമെന്നും എഡിറ്റോറിയലില്‍ പറയുന്നു. 

ഒക്ടോബര്‍ 10 ന് ഉച്ചയ്ക്ക് ഒരു മണിക്കകം ലഭ്യമായ ചിഹ്നങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാനും മൂന്ന് ഓപ്ഷനുകള്‍ സമര്‍പ്പിക്കാനും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിനെ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഖ്യം അപ്രതീക്ഷിതമായി അട്ടിമറിച്ചതുമുതല്‍ ഉദ്ധവ് താക്കറെയും ഏകനാഥ് ഷിന്‍ഡെ വിഭാഗവും തമ്മില്‍ സേന ചിഹ്നത്തിനായി പോരാടുകയായിരുന്നു.