മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചേര്‍ത്തുപിടിച്ചും, ശശി തരൂരിനെ തള്ളിയും കര്‍ണാടക കോണ്‍ഗ്രസ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് ഒന്നടങ്കം മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കൊപ്പമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

ദേശീയ മുഖമുള്ള മുതിര്‍ന്ന നേതാവാണ് ഖര്‍ഗെ. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ശശി തരൂരിന് അവകാശമുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ടെങ്കില്‍ ശശി തരൂര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഇന്ന് ഇ.ഡി.ക്ക് മുന്നില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭാരത് ജോഡോ യാത്ര ആരംഭിച്ച് ഇന്നേക്ക് ഒരു മാസം തികഞ്ഞിരിക്കുകയാണ്. ഒട്ടേറെ വിവാദങ്ങളും, പരിഹാസങ്ങളും യാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.

കര്‍ണാടകയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയുടെ എട്ടാം ദിനമാണിന്ന്. രാവിലെ ഏഴിന് മാണ്‍ഡ്യയിലെ കെ. മലെനഹള്ളിയില്‍ നിന്ന് യാത്ര പുറപ്പെട്ടു. ഇന്നലെ മാണ്‍ഡ്യയിലെ കര്‍ഷകരുമായി രാഹുല്‍ ഗാന്ധി ആശയ സംവാദം നടത്തിയിരുന്നു.

മേഖലയില്‍ കര്‍ഷകരുടെ ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തിനിടെയാണ് കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ബന്ധുക്കള്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയിരുന്നു.