പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ ഡിആര്‍ഐ തിരയുന്ന തനിക്ക് ലഹരിക്കടത്തില്‍ പങ്കില്ലെന്ന് മന്‍സൂര്‍.

മന്‍സൂറിന്റെ പിതാവ് മൊയ്തീന്‍ അഹമ്മദും ഇക്കാര്യം അവകാശപ്പെട്ടു. ഡിആര്‍ഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് മന്‍സൂറിന്റെയും പിതാവിന്റെയും പ്രതികരണം.

പഴങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെയാണ് അറസ്റ്റുചെയ്തിരുന്നത്.

വിജിന്റെ പങ്കാളിയും ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്സ്പോര്‍ട്സ് ഉടമയുമായ തച്ചപറമ്ബന്‍ മന്‍സൂറിനായി തിരച്ചില്‍ നടന്നുവരുന്നതിനിടെയാണ് ഒളിവില്‍ കഴിയുന്ന മന്‍സൂറിന്റെ വെളിപ്പെടുത്തല്‍ വീഡിയോ വന്നിരിക്കുന്നത്.

അമൃത് പട്ടേൽ എന്നയാൾ തന്റെ കണ്ടെയ്നറിൽ അയച്ച പാഴ്സലിലായിരുന്നു ലഹരിയെന്ന് മൻസൂർ വിശദീകരിച്ചു. ദക്ഷിണാഫ്രിക്കൻ പൊലീസിനോട് അമൃത് കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടിയിലായ വിജിൻ വർഗീസിന് ലഹരിക്കടത്തുമായി ബന്ധമില്ലന്നും മൻസൂർ പറഞ്ഞു.