തിരുവനന്തപുരം: തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബർ ഒന്നാം തീയതി മുതൽ പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കും. സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബർ മാസത്തെ ശമ്പളം നൽകില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി.

ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകിയതാണ്. അന്ന് യോഗത്തിൽ എല്ലാം സമ്മതിച്ച്, ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത് ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് മാനേജ്മെന്റ് കാണുന്നത്. അതിനാൽ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കുമെന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

കെഎസ്ആർടിസി ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രയത്നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായത്. അടുത്തമാസം അഞ്ചിന് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബർ മാസത്തെ ശമ്പളം നൽകില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി.