വീടിനു മുൻപിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് ബിരുദ വിദ്യാർത്ഥിനിയായ അഭിരാമി ജീവനൊടുക്കിയ സംഭവത്തിൽ കേരള ബാങ്ക് അധികൃതർക്കെതിരേ നടപടിയെടുക്കണമെന്ന് വിശ്വകർമ്മ ഐക്യവേദി സർക്കാരിനോട് ആവശ്യപ്പെട്ടു.

ബാങ്ക് വായ്പയിൽ കുടിശിക വരുത്തിയ വിദ്യാർഥിനിയുടെ പിതാവ് കൊല്ലം ശൂരനാട് അജിഭവനത്തിൽ അജികുമാർ ആചാരിയെ ബാങ്ക് നടപടിക്രമങ്ങൾ ധരിപ്പിക്കാതെ വീട്ടിൽ നോട്ടീസ് പതിച്ച ബാങ്ക് അധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്നു തെളിഞ്ഞിരിക്കുകയാണ്. അജികുമാർ ആചാരിയുടെ രോഗിയായ പിതാവിനെക്കൊണ്ട് ജപ്തി നോട്ടീസിൽ ഒപ്പിടുവിച്ചതും കുറ്റകൃത്യമാണ്. കേരള ബാങ്ക് പതാരം ശാഖാ ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയിൽ ഒരു നിർധന കുടുംബത്തിൻ്റെ പ്രതീക്ഷയായ ഏക മകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇതിന് ഉത്തരവാദികളായ കേരള ബാങ്ക് ഉദ്യോഗസ്ഥർക്കെതിരേ നരഹത്യ കുറ്റം ചുമത്തി കേസ് എടുക്കണമെന്നും അഭിരാമിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വിശ്വകർമ്മ ഐക്യവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിഷേധയോഗം ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിൽ അയ്യനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ രാജേഷ് കിഴക്കൻകോവിൽ അധ്യക്ഷത വഹിച്ചു. സദാനന്ദൻ മുത്തൂർ, പ്രകാശ് ചുമത്ര, കേശവനാചാരി, ദാമോദരൻ റാന്നി എന്നിവർ സംസാരിച്ചു