ടോക്യോ: മുൻപ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാരച്ചടങ്ങുകൾക്കായി ജപ്പാൻ ഭരണകൂടം ചെലവിടുന്നത് കോടികൾ. ഏകദേശം 1.66 ബില്യൺ യെൻ (94 കോടിയിലധികം രൂപ) ആണ് ചടങ്ങിനായി ചെലവഴിക്കുന്നത്. ഇത് എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾക്കായി ചെലവായ തുകയേക്കാൾ അധികം വരുമെന്നാണ് മാധ്യമറിപ്പോർട്ടുകൾ. അടുത്ത ആഴ്ചയാണ് ചടങ്ങ്.

ജൂലായിലാണ് ആബെ വധിക്കപ്പെട്ടത്. ആബെയുടെ സംസ്കാരത്തിനായി ഇത്രയധികം പണം ചെലവിടുന്നതിൽ രാജ്യത്തെ ജനങ്ങൾ എതിർപ്പ് പ്രകടമാക്കിയിട്ടുണ്ട്. ജപ്പാനിൽ ഇതിനോടകം പ്രതിഷേധസമരങ്ങളും അരങ്ങേറിക്കഴിഞ്ഞു. എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾക്കായി 1.3 ബില്യൺ യെൻ ആണ് ചെലവായതെന്നാണ് റിപ്പോർട്ട്.

പൊതുഖജനാവിൽ നിന്ന് അനാവശ്യമായി പണം ചെലവിടുന്നു എന്നാണ് ജനങ്ങളുടെ പരാതി. ഒളിമ്പിക്സിനായി 13 ബില്യൺ ഡോളർ ചെലവിട്ടതിലും ജനങ്ങൾക്ക് അമർഷമുണ്ട്. ഒളിമ്പിക്സിനായി ഉദ്ദേശിച്ചതിന്റെ ഇരട്ടി തുക ചെലവിട്ടതാണ് കാരണം. ആബേയുടെ സംസ്കാരച്ചടങ്ങുകൾ സർക്കാർ ചെലവിൽ നടത്തുന്നതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപം ഒരാൾ സ്വയം തീകൊളുത്തുകയും ചെയ്തിരുന്നു.