പാലാ റിവർവ്യൂ റോഡിൽ പൊൻകുന്നം പാലത്തിനടിയിൽ വീണ്ടും കണ്ടെയ്നർ ലോറി കുടുങ്ങി. ഇതേ തുടർന്ന് ഇവിടെ ഗതാഗത തടസ്സം അനുഭവപ്പെട്ടു. വാഹനം പാലത്തിനടിയിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഉയരം കൂടിയ കണ്ടെയ്നർ ലോറികൾ ഇതുവഴിയെത്തുന്നതാണ് വാഹനങ്ങൾ പാലത്തിൻറെ ബീമിൽ തട്ടി നിൽക്കാൻ കാരണം. ഇതിനുമുമ്പും പലതവണ ഉയരം കൂടിയ വാഹനങ്ങൾ ഇതുവഴി എത്തി പാലത്തിൽ തട്ടി നിന്നിട്ടുണ്ട്.

പാലത്തിനടിയിലൂടെ കടന്നുപോകാവുന്ന വാഹനങ്ങളുടെ ഉയരം സംബന്ധിച്ച് ടൗൺഹാളിന് സമീപം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇത് ശ്രദ്ധിക്കാതെ എത്തുന്ന വാഹനങ്ങളാണ് കുടുങ്ങുന്നത്.

പാലാ ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം പാലത്തിനടിയിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ വാഹനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്. ടയറിന്റെ കാറ്റ് അഴിച്ചുവിട്ട് വാഹനം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്.