കൊച്ചി: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള പോരിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം മാത്രമേയുള്ളൂവെന്ന രൂക്ഷമായ പ്രതികരണമാണ് ഗവർണർ നടത്തിയിരിക്കുന്നത്.

സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പ് നൽകിയത് മുഖ്യമന്ത്രിയാണ്, എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ പൂർണമായും സ്വതന്ത്ര നിലനിൽപ്പിനെ ചോദ്യം ചെയ്ത് സർവകലാശാലകളെ ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ഗവർണർ ആരോപിച്ചു. 

ആലുവയിൽ നിന്ന് ഡൽഹിക്ക് പോകാനിരുന്ന അദ്ദേഹം യാത്രാ പരിപാടി മാറ്റി തിരുവനന്തപുരത്തേക്കാണ് പോകുന്നത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള തെളിവുകൾ നാളെ പുറത്തുവിടുമെന്നാണ് അദ്ദേഹം പറയുന്നത്.

സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കയച്ച രണ്ട് കത്തുകൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് ഗവർണർ പറയുന്നത്. അതോടൊപ്പം തന്നെ മുൻപ് ആരോപിച്ച ചില കാര്യങ്ങൾ ഗവർണർ ആവർത്തിക്കുകയും ചെയ്തു.