കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബെംഗളൂരുവിലാണ് കൂടിക്കാഴ്ച. സിൽവർലൈൻ പാത മംഗളൂരു വരെ നീട്ടുന്നത് ഉൾപ്പടെ ചർച്ചയാകും.

സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയായിരുന്നു. തലശ്ശേരി-മൈസൂരു-നിലമ്പൂർ നഞ്ചൻകോട് പാതകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാകും. തുടര്‍ന്ന് ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പിണറായി പങ്കെടുക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിലാണ് കേരളം സിൽവ‌ലൈനിന് കർണാടകയുടെ പിന്തുണ തേടിയത്. സിൽവർലൈൻ മംഗലാപുരത്തേക്ക് കൂടി നീട്ടുന്നതിൽ കർണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കും കൗൺസിലിൽ ധാരണയായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ചത്തെ ചര്‍ച്ച. നാല് പ്രധാന നഗരങ്ങളെയും അയൽ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിക്കായി തമിഴ്നാടും കൗൺസിലിൽ ആവശ്യമുയർത്തിയിരുന്നു.

കേന്ദ്രം അനുമതി നല്‍കിയാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് മംഗലാപുരം കണക്ടിവിറ്റിയെന്ന പുതിയ ആശയം മുന്നോട്ടുവെച്ച് ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ കൂടി സംസ്ഥാനം തേടുന്നത്.