ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ 2022 സെപ്തംബർ 10 ശനിയാഴ്ച്ച ന്യൂഹൈഡ് പാർക്ക് ലേക്ക്‌വില്‍ റോഡിലുള്ള വൈഷ്ണവ ടെമ്പിളിന്റെ ഓഡിറ്റോറിയത്തിൽ ഓണസദ്യയോടെ ആഘോഷം സമാരംഭിച്ചു. അസോസിയേഷനിലെ അംഗങ്ങൾ സ്വവസതികളിൽ വച്ച് പാകം ചെയ്തുകൊണ്ടുവന്ന സ്വാദിഷ്ടമായ വിഭവങ്ങൾ കോവിഡാനന്തര ഓണസദ്യ ഗംഭീരമാക്കി.

സദ്യവിഭവങ്ങൾ ഒരുക്കിയത് ലക്ഷ്മി രാംദാസ് നേതൃത്വം കൊടുത്ത വിമന്‍സ് ഫോറം അംഗങ്ങൾ ആയിരുന്നു. തുടർന്ന് മഹാബലിയെ ചെണ്ടവാദ്യത്തോടെയും, താലപ്പൊലിയേന്തിയ അംഗനാരത്നങ്ങൾ, ആർപ്പോടെയും, ആരവത്തോടെയും വേദിയിലേക്ക് എതിരേറ്റു. കോമാളിയായ കുടവയറനെന്ന തെറ്റായ സങ്കല്പത്തെ തിരുത്തിക്കുറിച്ചുകൊണ്ട് അരോഗദൃഢ ഗാത്രനും യോദ്ധാവുമായ മഹാബലിയെ അവതരിപ്പിച്ചത് അസോസിയേഷൻ സെക്രട്ടറി സേതുമാധവൻ ആയിരുന്നു. തായമ്പകയുടെ മേളപ്പെരുക്കം അരങ്ങു തകർത്തു. രഘുനാഥൻ നായർ കോർഡിനേറ്റു ചെയ്ത മേളപ്പെരുമയിൽ പങ്കെടുത്തത് അസോസിയേഷനിലെ അംഗങ്ങളായ നരേന്ദ്രൻ നായർ, ബാബു മേനോൻ, സദാശിവൻ നായർ, ശബരീനാഥ് നായർ, രാധാകൃഷ്ണൻ തരൂർ, രഘുവരൻ നായർ, ശശി പിള്ള എന്നിവരായിരുന്നു.

പ്രഥമ വനിത പത്മാവതി നായർ, എന്‍‌ബി‌എ പ്രസിഡന്റ് അപ്പുകുട്ടൻ നായർ, ബിഒടി ചെയർമാൻ രഘുവരൻ നായർ, കെ‌എച്ച്‌എന്‍‌എ ട്രഷറർ ബാഹുലേയൻ രാഘവൻ, കെ‌എച്ച്‌എന്‍‌എ ട്രസ്റ്റീ ബോർഡ് മെമ്പർ രാജീവ് ഭാസ്കരൻ, എന്‍‌ബി‌എ വൈസ് പ്രസിഡന്റ് ശശി പിള്ള, എന്‍ബി‌എ ട്രഷറർ ഗോപിനാഥക്കുറുപ്പ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഭദ്രദീപ പ്രകാശത്തിനുശേഷം രാധാമണി നായരുടെ ഭക്തിസാന്ദ്രമായ പ്രാർത്ഥനാലാപനത്തോടെ പൊതുസമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ സദസ്സിനും വിശിഷ്ട വ്യക്തികൾക്കും സ്വാഗതം ആശംസിച്ചു. ഹിന്ദുക്കളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉദ്ബോധിപ്പിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ, പ്രജാക്ഷേമതല്പരനും ഭക്തനുമായ മഹാബലിയുടെ അഹങ്കാരത്തോടെയുള്ള പ്രവർത്തികളെ തിരുത്തി അനുഗ്രഹിച്ച് സ്വർഗതുല്യമായ സുതലത്തിലെ സാവർണ്യമണിമന്ദിരത്തിലേക്ക് അയച്ച ഭാഗവത കഥയും വാമനാവതാരവും വിശദീകരിച്ചുകൊണ്ട് ഓണസന്ദേശം നല്‍കി.