ആലപ്പുഴ: കായംകുളത്ത് വീട്ടിൽ നിന്നും 46 പവൻ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും മോഷണം പോയി. പെരിങ്ങാല ചക്കാല കിഴക്കതിൽ ഹരിദാസിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആരുമില്ലായിരുന്നു. അടുക്കള വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത് എന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, മലപ്പുറത്ത് വീട് പൂട്ടിയിറങ്ങി മണിക്കൂറുകൾക്കകം മോഷ്ടാവ് 45 പവൻ സ്വര്‍ണം കവർന്നു. കൊളത്തൂർ വെങ്ങാട്ടാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. വീട്ടുകാർ വീട് പൂട്ടിപ്പോയി മണിക്കൂറുകൾക്കകം വീടിന്റെ വാതിൽ തകർത്താണ് കർച്ച. വെങ്ങാട് ഇല്ലിക്കോട് പാലത്തിനു സമീപം വടക്കേകര മൂസയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി വീടിന്റെ മുൻ വാതിൽ തകർത്ത് കവർച്ച നടന്നത്. 

കിടപ്പ് മുറികളിലെ അലമാരകളിൽ സൂക്ഷിച്ച 45 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മൂന്ന് വാച്ചുകളുമാണ് കവർന്നു. രാത്രി ഏഴരയോടെ വീട് പൂട്ടി മൂസ വളാഞ്ചേരിയിലെ ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു. രാവിലെ പത്തരക്ക് വീട്ടിലെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്. മുൻ വശത്തെ വാതിലിന്റെ ലോക്ക് തകർത്ത നിലയിലാണുള്ളത്. ശേഷം വീട്ടിനകത്ത് കയറി നോക്കിയപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. മോഷണം നടന്ന വീട്ടിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ കൊളത്തൂർ സി ഐ സുനിൽ പുളിക്കൽ എസ് ഐമാരായ ടി കെ ഹരിദാസ്, അബ്ദുനാസർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും പരിശോധന നടത്തി.