ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും വ്യവസായ പ്രമുഖനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിന്‍റെ ഞെട്ടലിലാണ് വ്യവസായ ലോകം. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലായിരുന്നു അപകടം അപകടം നടന്നത്. ഗുജറാത്തിൽനിന്ന് തന്റെ മെഴ്സിഡസ് ബെൻസ് എസ്.യു.വി കാറിൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്ന മിസ്ത്രിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം.

ടാറ്റാ മോട്ടോഴ്‍സിനെ രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാണ കമ്പനിയാക്കുന്നതില്‍‌ മുഖ്യ പങ്കുവഹിച്ച, ടാറ്റയില്‍ സുരക്ഷാ വിപ്ലവം കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളായിരുന്ന സൈറസ് മിസ്‍ത്രിയുടെ ജീവന്‍ ഒരു റോഡ് അപകടത്തില്‍ത്തന്നെ പൊലിഞ്ഞതിന്‍റെ ഞെട്ടലിലാണ് വാഹന ലോകവും വ്യവസായലോകവും.  

അതേസമയം സൈറസ് മിസ്ത്രിയുടെ മരണത്തിലേക്കു നയിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. മിസ്ത്രി സഞ്ചരിച്ചിരുന്ന വാഹനം സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ ഡിവൈഡറിലിടിച്ചായിരുന്നു അപകടം. കാർ അമിത വേഗത്തിലായിരുന്നെന്നും ഇടതു വശത്തുകൂടി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നുമാണ് പ്രാഥമിക നിഗമനം.

മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീയാണ് കാർ ഓടിച്ചതെന്നും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നെന്നും ദൃക്സാക്ഷി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.  

സൈറസ് മിസ്ത്രി (54), ഡോ.അനഹിത പണ്ടോളെ (55), ഭർത്താവ് ഡാരിയസ് പണ്ടോളെ (60), ഇദ്ദേഹത്തിന്റെ സഹോദരൻ ജഹാംഗിർ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിൻസീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഇവര്‍ ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്‌സി ക്ഷേത്രമായ അതാഷ് ബെഹ്‌റാം അഗ്നി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നതായാണ് വിവരം. അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ മുംബൈയിൽനിന്ന് 120 കിലോമീറ്റർ അകലെ പാൽഘറിൽ ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. പരുക്കേറ്റ അനഹിതയും ഭർത്താവും ചികിത്സയിലാണ്.

അന്വേഷണം

മിസ്ത്രിയുടെ അപകടമരണത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പൊലീസ് മേധാവിക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി. അപകട മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന പല്ലന്‍ജി മിസ്ത്രിയുടെ ഇളയ മകനാണ് സൈറസ് മിസ്ത്രി. ടാറ്റ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള എസ്പി ഗ്രൂപ്പിനാണ്. 2006-മുതല്‍ അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടറായിരുന്നു മിസ്‍ത്രി. തികച്ചും നാടകീയമായിട്ടാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മിസ്ത്രിയുടെ വരവ്.