ഹോവ്: റോയല്‍ ലണ്ടന്‍ ഏകദിന ചാംപ്യന്‍ഷിപ്പില്‍ വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയുടെ ടെസ്റ്റ് സപെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. സറേയ്‌ക്കെതിരായ മത്സരത്തില്‍ 131 പന്തില്‍ 174 റണ്‍സാണ് സസെക്‌സിനായി കളിക്കുന്ന പൂജാര നേടിയത്. ഇതില്‍ അഞ്ച് സിക്‌സും 20 ബൗണ്ടറിയും ഉള്‍പ്പെടും. വാര്‍വിക്‌ഷെയറിനെതിരെ കഴിഞ്ഞ മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു. അന്ന് 79 പന്തില്‍ 107 റണ്‍സാണ് താരം നേടിയത്.

ഒരു സസെക്‌സ് താരം ഏകദിനത്തില്‍ നേടുന്നു ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ടീം ക്യാപ്റ്റന്‍  കൂടിയായ പൂജാരയുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സാണ് സസെക്‌സ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സസെക്‌സിന് ടോം ക്ലര്‍ക്കിന്റെ (104) സെഞ്ചുറിയും മികച്ച സ്‌കോറിലേക്ക് നയിച്ചു.

വാര്‍വിക്‌ഷെയറിനെതിരെ പൂജാര 73 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടുകയായിരുന്നു. ഇതിലൊരു ഓവറില്‍ 22 റണ്‍സ് താരം അടിച്ചെടുത്തിരുനനു. 4, 2, 4, 2, 6, 4 എന്നിങ്ങനെയായിരുന്നു പൂജാര ആ ഓവറില്‍ നേടിയ റണ്‍. പേസര്‍ ലിയാം നോര്‍വെല്ലിന്റെ അവസാന ഓവറിലാണ് പൂജാരയുടെ ബാറ്റ് സംഹാരതാണ്ഡവമാടിയത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് ഇരുവരും ക്രീസില്‍ ഒന്നിച്ചത്. 205 റണ്‍സാണ് നാലാം വിക്കറ്റില്‍ സഖ്യം കൂട്ടിചേര്‍ത്തത്. നാലാം ഓവറില്‍ ക്രീസിലെത്തിയ പൂജാര 48-ാം ഓവറിലാണ് മടങ്ങുന്നത്. അസ്ലോപ് (22, റോളിന്‍സ് (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഡാനിയല്‍ ഇബ്രാഹിം (15), ജയിംസ് കോള്‍സ് (3) എന്നിവര്‍ പുറത്താവാതെ നിന്നു. 

നേരത്തെ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ സസെക്‌സിനായി രണ്ട് അര്‍ധസെഞ്ചുറികള്‍ അടക്കം അഞ്ച് സെഞ്ചുറികളുമായി പൂജാര തിളങ്ങിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് പൂജാര ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍ അത്ര മികച്ച ഫോമിലല്ല താരം.