വൈക്കം: കനത്ത മഴ പെഴ്തൊഴിഞ്ഞപ്പോൾ കോട്ടയം വൈക്കത്ത് മത്സ്യകൃഷി നടത്തിയവരുടെ കണ്ണീരാണ് കനക്കുന്നത്. മഴയിൽ കലങ്ങിമറിഞ്ഞെത്തിയ കിഴക്കൻ വെള്ളം മൽസ്യ ഫാമിലെ വെള്ളത്തിൽ കലർന്ന് പുളി ഇളകിയതിനെ തുടർന്ന് കരിമീനടക്കമുള്ള മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ കാഴ്ച ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. വൈക്കം മറവൻതുരുത്ത് വാളോർമംഗലത്തെ കുന്നക്കാട്ടുവേലിൽ മാമലശേരിൽ സി ബി രഘുവിന്റ രണ്ടേമുക്കാൽ ഏക്കർ വിസ്തൃതിയുള്ള മത്സ്യ ഫാമിലാണ് കരിമീനടക്കമുള്ള മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് ഇവർ വ്യക്തമാക്കി.

ചത്ത് പൊങ്ങിയതിൽ ഏറിയ പങ്കും പൂർണ വളർച്ചയെത്തിയ കരിമീനുകളാണെന്നത് ഇവരുടെ വേദന ഇരട്ടിയാക്കുന്നു. ഒരു ലക്ഷത്തിലധികം കരിമീനുകളാണ് ചത്തുപൊങ്ങിയതെന്ന് ഇവർ വിശദീകരിച്ചു. കരിമീൻ കൃഷിയായിരുന്നു ഇവിടെ പ്രധാനമായും നടത്തി വന്നിരുന്നത്. കരിമീനിന് പുറമേ കട്ല, രോഹു തുടങ്ങിയ മത്സ്യങ്ങളുടെയും കൃഷി ഇവിടെ നടത്തിയിരുന്നു. ഫാമിലെ തൊഴിലാളികളായ കരിയിൽ തങ്കപ്പൻ , ചെട്ടിക്കാടൻതറയിൽ ശശി , ദിനി എന്നിവർ ഫാമിലെത്തിയപ്പോഴാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് കാണുന്നത്.

വെള്ളപ്പൊക്കം ഉണ്ടായാൽ മത്സ്യങ്ങൾ ഒഴുകി പോകാതിരിക്കാൻ ചുറ്റിനും നെറ്റുകളും സ്ഥാപിച്ചിരുന്നു. എന്നിട്ടുമുണ്ടായ നാശനഷ്ടം കർഷകന് താങ്ങാൻ ആവുന്നതിനും അപ്പുറമാണ്. മത്സ്യങ്ങൾ ചത്തതോടെ ഇവർക്കും തൊഴിൽ നഷ്ടപ്പെട്ടു. ഓണ വിപണി ലക്ഷ്യമിട്ട് വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത് കർഷകനും കനത്ത പ്രഹരമായി. മൂന്നു വർഷങ്ങൾക്കു മുമ്പാണ് ഇവിടെ മത്സ്യകൃഷി ആരംഭിക്കുന്നത്. ലക്ഷങ്ങൾ ബാങ്ക് വായ്പ എടുത്തായിരുന്നു മത്സ്യകൃഷി നടത്തി വന്നത്. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്‌. കൃഷി ഓഫിസർ ലിറ്റിവർഗീസ് , മത്സ്യ ഫെഡ് അധികൃതരടക്കമുള്ളവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.